Breaking NewsKerala

ഷവര്‍മ്മ കഴിക്കുന്നവരാണോ? എന്നാല്‍ ഇതുകൂടി അറിഞ്ഞോളുക ; സംസ്ഥാനത്ത് പ്രത്യേക പരിശോധന ; പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയുകയായിരുന്നു ലക്ഷ്യം.

256 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 263 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളില്‍ 59 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. 1557 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Signature-ad

അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.

പാഴ്സലില്‍ തീയതിലും സമയവും കൃത്യമായി രേഖപ്പെടുത്തണം. എഫ്.എസ്.എസ്. ആക്ട് പ്രകാരം ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പരാതിയുള്ളവര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. തുടങ്ങിയ നിര്‍ദേശമാണ് നല്‍കിയത്.

ഷവര്‍മ പരിശോധനയ്ക്കിടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം പോളയത്തോട്  നടത്തിയ പരിശോധനയില്‍ 60 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു.

Back to top button
error: