ഡോ. ഹാരീസിനെ സംശയനിഴലില്‍ നിര്‍ത്താനുള്ള പ്രിന്‍സിപ്പലിന്റെ ശ്രമവും പാളി ; മുറിയില്‍ നിന്നും കണ്ടെത്തിയ കവര്‍ ബില്‍ അല്ല ; നെഫ്രോസ്കോപ്പുകളുടെ ഡെലിവറി ചലാന്‍ ; ഉപകരണം റിപ്പയര്‍ ചെയ്യാന്‍ കൊടുത്തത് തന്നെ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ ഡോ. ഹാരിസ് ഹസന്റെ ഓഫീസ് മുറിയില്‍ നിന്ന് കണ്ടെത്തിയ ബില്‍ നെഫ്രോസ്കോപ്പുകളുടെ ഡെലിവറി ചലാന്‍. ഡോ. ഹാരിസിനെ സംശയ നിഴലിലാക്കി രാവിലെ വാര്‍ത്താസമ്മേളനം നടത്തിയ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ ആരോപണങ്ങള്‍ ഇതോടെ വീണ്ടും പാളി.
ഡെലിവറി ചെയ്ത എറണാകുളത്തെ ക്യാപ്സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷന് മാനേജിങ് പാട്നര്‍ സുനില്‍ കുമാര്‍ വാസുദേവ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നു. ഉപകരണം നന്നാക്കാനായി എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ നല്‍കിയെന്നും റിപ്പയറിംഗിന് കൂടുതല്‍ തുകയാകുമെന്ന് കണ്ടെത്തിയതോടെ കമ്പനിയോട് തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെടുകയും അവര്‍ തിരിച്ചയച്ചെന്നുമാണ് തന്റെ മുറിയില്‍ രണ്ട് ഉപകരണങ്ങള്‍ പെട്ടിയിലായി കണ്ടെത്തിയെന്ന് പ്രിന്‍സിപ്പലിന്റെ ആരോപണത്തിന് ഡോ. ഹാരിസ് നല്കിയ മറുപടി.
ഉപകരണം റിപ്പെയര്‍ ചെയ്യാന്‍ കൊടുത്തിരുന്നത് ക്യാപ്സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിലായിരുന്നു. മുറിയിലെ പെട്ടിയുടെ മുകളില്‍ വെച്ചിരുന്ന ചെലാനില്‍ നെഫ്രോസ്കോപ്പിന് പകരം മോസിലോസ്കോപ്പ് എന്നായിരുന്നു രേഖപ്പെടുത്തിയിരിക്കുന്നത്. അത്് ഓഫീസ് സ്റ്റാഫിന് പറ്റിയ പിഴവാണെന്നും സുനില്‍ കുമാര്‍ വാസുദേവ് പറഞ്ഞു. ബോക്സില്‍ ഉണ്ടായിരുന്നത് മൂന്ന് നെഫ്രോസ്കോപ്പുകളായിരുന്നു.
ഇപ്പോള്‍ ഡോ. ഹാരിസിന്റെ വാദം സ്ഥിരീകരിച്ചിരിക്കുകയാണ് കൊച്ചിയിലെ കമ്പനി. കാണാതെപോയ മോര്‍സിലോസ്കോപ്പ് എന്ന ഉപകരണം ഓഗസ്റ്റ് രണ്ടാം തീയതി വാങ്ങിയ രീതിയില്‍ ഒരു ബില്‍ പരിശോധനയില്‍ കണ്ടുവെന്നതായിരുന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ വാദം. മെഡിക്കല്‍ കോളേജില്‍ വേണ്ടത്ര ഉപകരണങ്ങളില്ലെന്ന ഫേസ്ബുക്ക് പോസ്റ്റോടെയാണ് ഹാരീസിനെതിരേയുള്ള നീക്കം തുടങ്ങിയത്.






