എന്തു പറ്റി ഫ്രണ്ടിന്? പുടിന് മുതല്‍ മസ്ക് വരെ തോളില്‍ കൈയിട്ടവരെല്ലാം മറുചേരിയില്‍; നെതന്യാഹുവും കണ്ടു ഇരട്ടമുഖം; ഇപ്പോള്‍ വിശ്വഗുരുവും; റഷ്യന്‍ എണ്ണയില്‍ തെന്നി ഇന്ത്യയുടെ വിദേശ നയം; കൃഷി മുതല്‍ സാമ്പത്തിക മാന്ദ്യംവരെ; ഉയരുന്നത് നിരവധി ചോദ്യങ്ങള്‍
ഒരിക്കല്‍ ട്രംപിനെ 'മൈ ഫ്രണ്ട്' എന്നു വിളിച്ച മോദിയെ ശരിക്കും കുഴപ്പിക്കുകയാണ് രണ്ടാംവട്ടം അധികാരത്തിലെത്തിയശേഷം യു.എസ്. പ്രസിഡന്റ്. കൃഷി വേണോ? അതോ വ്യാപാരം മതിയോ? എണ്ണവില എങ്ങനെ പിടിച്ചു നിര്‍ത്തും? രാജ്യം സുരക്ഷിത നിക്ഷേപ കേന്ദ്രമായി തുടരണോ? ഡോളറിനെതിരേ അനുദിനം ഇടിയുന്ന രൂപയെ എങ്ങനെ പിടിച്ചുനിര്‍ത്തും? സര്‍വോപരി മാന്ദ്യത്തെ നേരിടേണ്ടിവരുമോ? ട്രംപിന്റെ കടുംവെട്ടു നിലപാടുകള്‍ക്കു മുന്നില്‍ മോദി നേരിടുന്നത് ഒരായിരം ചോദ്യങ്ങളാണ്.

ന്യൂഡല്‍ഹി: ‘അവര്‍ റഷ്യയില്‍നിന്ന് യുറേനിയവും പല്ലാഡിയവും ഇറക്കുമതി ചെയ്യുന്നു. എന്നിട്ട് ഇന്ത്യ കുഴപ്പക്കാരെന്നു പറയുന്നു. ഇതില്‍നിന്ന് ഇന്ത്യ പാഠം പഠിക്കണം. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തിരിച്ചും നികുതി ചുമത്തണം…’ പറയുന്നതു മറ്റാരുമല്ല. പഹല്‍ഗാം ആക്രമണത്തിനുശേഷം യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ നാവായി മാറിയ ശശി തരൂര്‍. ട്രംപിന് ഒരു മറുപടിയെങ്കിലും പറയാനുള്ള ധൈര്യം കാട്ടണമെന്നു കോണ്‍ഗ്രസ് നേതാക്കള്‍.
ഇന്ത്യയിലെ വ്യാപാര മേഖലയില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയാണ് ട്രംപിന്റെ 25 ശതമാനം നികുതി ചുമത്തലും പിന്നീടുള്ള അധിക നികുതി ചുമത്തലും കടന്നുപോകുന്നത്. 2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ചൈനയുമായി വ്യാപാരമെല്ലാം വേണ്ടെന്നുവച്ച് ‘ഫ്രണ്ടി’ന്റെ തോളില്‍ കൈയിട്ട വിശ്വഗുരുവിന്റെ നില അല്പം പരുങ്ങലിലാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത സ്ഥിതി.
അമേരിക്കയിലേക്കുള്ള കയറ്റുമതിയിലുണ്ടാകുന്ന പ്രതിസന്ധികള്‍ ഇന്ത്യയുടെ ജിഡിപിയുടെ 40 ബേസിസ് പോയിന്റുകള്‍ തുടച്ചു നീക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് ട്രംപ് 25 ശതമാനം തീരുവകൂടി ചുമത്തുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്.
ഒരിക്കല്‍ ട്രംപിനെ ‘മൈ ഫ്രണ്ട്’ എന്നു വിളിച്ച മോദിയെ ശരിക്കും കുഴപ്പിക്കുകയാണ് രണ്ടാംവട്ടം അധികാരത്തിലെത്തിയശേഷം യു.എസ്. പ്രസിഡന്റ്. കൃഷി വേണോ? അതോ വ്യാപാരം മതിയോ? എണ്ണവില എങ്ങനെ പിടിച്ചു നിര്‍ത്തും? രാജ്യം സുരക്ഷിത നിക്ഷേപ കേന്ദ്രമായി തുടരണോ? ഡോളറിനെതിരേ അനുദിനം ഇടിയുന്ന രൂപയെ എങ്ങനെ പിടിച്ചുനിര്‍ത്തും? സര്‍വോപരി മാന്ദ്യത്തെ നേരിടേണ്ടിവരുമോ? ട്രംപിന്റെ കടുംവെട്ടു നിലപാടുകള്‍ക്കു മുന്നില്‍ മോദി നേരിടുന്നത് ഒരായിരം ചോദ്യങ്ങളാണ്.
കുറഞ്ഞ ചെലവില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും ലഭിച്ചിരുന്ന ചൈനയുമായി വ്യാപാരം വേണ്ടെന്നുവച്ചത് തിരിച്ചടിയായെന്ന് ഇന്ത്യയിലെ മുന്‍നിര കമ്പനികള്‍ തന്നെ കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് കത്തു നല്കിയതും ഇക്കൂട്ടത്തില്‍ കാണാതെ പോകരുത്. ഒപ്പം ഇന്ത്യയില്‍ വിദേശ നിക്ഷേപം കുത്തനെ ഇടിയുന്നെന്നും ഉള്ള നിക്ഷേപകര്‍തന്നെ രാജ്യം വിട്ടു പോകുന്നെന്നും കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 96 ശതമാനം വിദേശ നിക്ഷേപത്തില്‍ ഇടിവുണ്ടായെന്നുമുള്ള വാര്‍ത്തകളും പുറത്തുവരുന്നു.

വീണ്ടുവിചാരമില്ലാതെ, ആത്മനിര്‍ഭര്‍ ഭാരത് എന്നൊക്കെ വിളിച്ചു പറഞ്ഞ് അനുയായികളെ ആവേശത്തിലാക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, കളത്തിലിറങ്ങി കളിക്കാന്‍ അതുപോരെന്നു തിരിച്ചറിയുകയാണ് യഥാര്‍ഥത്തില്‍ മോദി. അമ്പുകൊള്ളാത്തവരില്ല കരുക്കളില്‍ എന്നു പറഞ്ഞതുപോലെയാണ് ട്രംപിനു ചുറ്റും വട്ടം കറങ്ങിയവരുടെ ഇപ്പോഴത്തെ അവസ്ഥ. പുടിന് മുതല്‍ ഇലോണ്‍ മസ്ക് വരെ തോളില്‍ കൈയിട്ടവരെല്ലാം ഇപ്പോള്‍ എതിര് ടീമിലാണ്. എന്തിനും ഒപ്പം നില്ക്കുന്ന നെതന്യാഹുവരെ ട്രംപിന്റെ രണ്ടു മുഖങ്ങള്‍ കാണുന്നു. ഈ നിരയിലേക്ക് മോദി കൂടി എത്തിനില്‍ക്കുന്നു.
ശീതയുദ്ധത്തിനുശേഷം അമേരിക്കയ്ക്ക് എതിരാളിയായി ഉയര്‍ന്ന ചൈനയോടും വൈറ്റ് ഹൗസില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോന്ന സെലന്‍സ്കിയോടും ട്രംപ് കൂടുതല്‍ അടുക്കുത്തു. ഒന്ന് അമേരിക്കയെ ‘ഫസ്റ്റ്’ ആക്കണം. പിന്നെ ലോകത്തെ സര്‍വ അലമ്പിലും ഇടപെട്ട് അവിടെ താനാണ് സമാധാനം കൊണ്ടുവന്നതെന്ന് പറഞ്ഞ് ലോകനേതാവാകണം. ഒപ്പം സ്വന്തം വ്യാപാരതാല്പര്യങ്ങള് സംരക്ഷിക്കുകയും വേണം.
ഇത് കണ്ടറിഞ്ഞ് കളിച്ച പാക്കിസ്ഥാന് നൊബേല്‍ സമ്മാനത്തിന് ട്രംപ് അര്‍ഹനെന്നു പറഞ്ഞു. 21 അമേരിക്കന്‍ സൈനികരുള്‍പ്പെടെ 200 പേര് കൊല്ലപ്പെട്ട കാബൂള്‍ വിമാനത്താവള ബോംബ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെ പിടിച്ചുകൊടുത്തു. അമേരിക്കയുടെ ഭീകരവിരുദ്ധ നടപടികളില്‍ പങ്കാളിയായി. ട്രംപിന്റെ കുടുംബത്തിന് താല്പര്യമുള്ള ബിറ്റ്കോയിന് സംരംഭത്തെ വരെ പിന്തുണച്ചു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും 25% തീരുവ പ്രഖ്യാപിച്ച ട്രംപ് പാക്കിസ്ഥാന് 10% കുറച്ചുകൊടുത്തു. അവരുമായി എണ്ണ ഖനനത്തിന് കരാറായി. രാജ്യത്തിനാവശ്യമായ മൂന്നിലൊന്ന് എണ്ണയും റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍നിന്ന് പിഴത്തീരുവയും ഇപ്പോള്‍ അധിക തീരുവയും ഈടാക്കുമെന്നു മുന്നറിയിപ്പും നല്കി.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയോട് മറ്റ് പ്രമുഖ പങ്കാളികളേക്കാള്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ എന്താണു കാരണം?
പ്രധാനം റഷ്യയുമായുള്ള ബന്ധം തന്നെ. ഒരുകാലത്ത് ‘അടുപ്പക്കാരനാ’യിരുന്ന പുടിനുമായി ട്രംപ് തെറ്റി. യുക്രെയ്ന് യുദ്ധം അവസാനിപ്പിച്ച് സമാധാനദൂതനും ലോകനേതാവുമായി മാറാനുള്ള ശ്രമം പുടിന് പ്രോല്സാഹിപ്പിച്ചില്ലെന്നത് മുഖ്യകാരണം. അമേരിക്കയുടെ ആഭ്യന്തര വ്യാപാര താല്പര്യങ്ങള്ക്ക് സ്വന്തംകാര്യം പരിഗണിച്ച് ഇന്ത്യ വഴങ്ങാതിരുന്നത് മറ്റൊരു കാരണം.
ഇന്ത്യയുടെ കയറ്റുമതി മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കാണ് ഇതിടയാക്കുക. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ബിഹാറിലെ ചോളം, സോയാബീന്‍ കര്‍ഷകരെ സംരക്ഷിക്കാമെങ്കിലും വസ്ത്രങ്ങള്‍, രത്നം, ആഭരണം, ഇലക്ട്രോണിക്സ്, സമുദ്രോല്പന്നങ്ങള് തുടങ്ങിയ മേഖലകള്‍ക്കു യുഎസ് വിപണിയില്‍ കനത്ത തീരുവയാകും നേരിടേണ്ടി വരിക. ഇന്ത്യയുടെ വളര്‍ച്ചയെയും സാമ്പത്തിക സാഹചര്യങ്ങളെയും ഇത് ഹ്രസ്വകാലത്തേക്ക് ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞു. താരിഫ് നിലനില്‍ക്കുകയാണെങ്കില്‍ 2026 മാര്‍ച്ചോടെ ജിഡിപിയില്‍ 40 ബേസിസ് പോയിന്റ് (0.4%) കുറഞ്ഞേക്കാം. ചൈനയ്ക്ക് ബദലാകായി വളരാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്കും മങ്ങലേല്‍ക്കും.
2024ല്‍ ജിഡിപിയുടെ 1.2 ശതമാനത്തിനു തുല്യമായ, യുഎസുമായുള്ള ഇന്ത്യയുടെ 4570 കോടി ഡോളറിന്റെ വ്യാപാര മിച്ചം, ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും രാജ്യത്തിന് വലിയ കരുത്തായിരുന്നു. ഇത് പകുതിയായി കുറയുന്നത്, ആഗോള മൂലധനം ആകര്‍ഷിക്കാന്‍ ഇന്ത്യയെ സഹായിച്ച ‘സുരക്ഷിത നിക്ഷേപ കേന്ദ്രം’ എന്ന ഖ്യാതിക്ക് മങ്ങലേല്‍പ്പിക്കും.
തൊഴിലാളികള്‍ ഏറെയുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇരുട്ടി. കേരളത്തിലെ മല്‍സ്യസംസ്കരണ മേഖല മുതല്‍ ഗുജറാത്തിലെ വജ്ര, ആഭരണ കമ്പനികള്‍ക്കു വരെ. ഉല്പാദനത്തിന്റെ 70 ശതമാനവും യുഎസിലേക്ക് അയക്കുന്ന വെല്‍സ്പണ്‍ ലിവിങ്, ഗോകുല്‍ദാസ് എക്സ്പോര്‍ട്സ്, ഇന്‍ഡോ കൗണ്ട് തുടങ്ങിയ വസ്ത്ര കയറ്റുമതി സ്ഥാപനങ്ങള്‍ ഓര്‍ഡറുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. കേരളത്തിലെ തന്നെ ‘കിറ്റെക്സി’ന്റെ ഓഹരിമൂല്യം ഇടിഞ്ഞു. 2024-ല്‍ ഇന്ത്യ യുഎസിലേക്ക് കയറ്റി അയച്ചത് ഏകദേശം 2200 കോടി ഡോളറിന്റെ വസ്ത്രങ്ങളും ആഭരണങ്ങളുമാണ്.
മറുകണ്ടം ചാടുമോ ആപ്പിളും ആല്‍ഫബെറ്റും
ട്രംപ് ഭീഷണി തുടര്‍ന്നാലും രാജ്യത്തെ വിശാലമായ ഉപഭോക്തൃവിപണിയും ചൈനയുമായുള്ള പ്രശ്നങ്ങളും കാരണം യുഎസ് കമ്പനികള്‍ ഇന്ത്യയെ കൈവിടില്ലെന്നാണ് പ്രതീക്ഷ. യുഎസിലെ വിതരണ ശൃംഖലയ്ക്കായി ആപ്പിള്‍ എന്നത്തേക്കാളും ഇന്ത്യയെ ആശ്രയിക്കുന്നു. മാര്‍ച്ചിലെയും മേയിലെയും ഇടയില്‍ ഫോക്സ്കോണ്‍ ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്ത 320 കോടി ഡോളര്‍ മൂല്യമുള്ള ഐഫോണുകളില്‍ ഏതാണ്ട് മുഴുവനും യുഎസിലേക്കാണ് പോയത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ യുഎസില്‍ വിറ്റ ഐഫോണുകളുടെ 71% ഇന്ത്യയില്‍ നിര്‍മിച്ചവയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഇത് 31% മാത്രമായിരുന്നു. ഐഫോണ്‍ 17 പുറത്തിറങ്ങാനിരിക്കേ ഉല്പാദനവും വിതരണശൃംഖലകളും മാറ്റുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ആന്ധ്രാപ്രദേശില്‍ 600 കോടി ഡോളര്‍ നിക്ഷേപിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ഡേറ്റാ സെന്റര്‍ നിര്‍മിക്കുന്നു. ഇതില്‍ 200 കോടി ഡോളര്‍ പുനരുപയോഗ ഊര്‍ജത്തിനായാണ്. മരുന്ന് നിര്‍മാതാക്കളായ ആംജെന്‍ ദക്ഷിണേന്ത്യയില്‍ എഐ അധിഷ്ഠിത ഇന്നൊവേഷന് ഹബ്ബിനായി 200 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു. 100 ശതമാനത്തിലേറെ ഇറക്കുമതി തീരുവയുണ്ടായിട്ടും ടെസ്ല കഴിഞ്ഞ മാസം മുംബൈയില്‍ മോഡല്‍ വൈ എസ്യുവി പുറത്തിറക്കി. യുഎസ് റീട്ടെയ്ലറായ കോസ്റ്റ്കോയും ഇന്ത്യയിലേക്ക് വരുന്നുണ്ട്. ചൈനയേക്കാള്‍ പകുതി വേതന നിരക്ക്, കേന്ദ്ര സര്‍ക്കാരിന്റെ പ്രോത്സാഹനങ്ങള്‍ എന്നിവയും അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമാണ്.







