താല്‍പ്പര്യമില്ലെങ്കില്‍ ഒഴിഞ്ഞുകൊടുത്ത് മാറി നില്‍ക്കണം ; അവസരം കാത്തുനില്‍ക്കുന്നത് അനേകരെന്ന് ആരോഗ്യവകുപ്പ് ; 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവ്

തിരുവനന്തപുരം: പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത് ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി വീണാജോര്‍ജ്ജാണ് ഉത്തരവിട്ടിരിക്കുന്നത്.
നടപടി നിര്‍ദേശിച്ചിരിക്കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്കെതിരേയാണ്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെയാണ് നീക്കം ചെയ്യാനൊരുങ്ങുന്നത്.
അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നവരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും നേരത്തേ ആരോഗ്യവകുപ്പിന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.
വകുപ്പിന്റെ പ്രവര്‍ത്തനത്തെ തന്നെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ ദീര്‍ഘനാളായി സര്‍വീസില്‍ നിന്നും അനേകര്‍ വിട്ടു നില്ക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരക്കാരെ തുടരാന്‍ അനുവദിക്കുന്നത്് സേവന തല്പ്പരരായി പുറത്തു നില്ക്കുന്നവരുടെ അവസരം നിഷേധിക്കലാകും എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അതിനാലാണ് കര്‍ശന നടപടി ആരോഗ്യ വകുപ്പ് സ്വീകരിച്ചത്.






