പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും: പ്രഖ്യാപനം സെപ്റ്റംബറില്‍ ചേരുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍; നിലപാട് അറിയിച്ച് കാനഡ

ഒട്ടോവ: പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡ. സെപ്റ്റംബറില്‍ ചേരുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തും. എന്നാല്‍ ഹമാസിന്റെ പിന്തുണയില്ലാതെ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന പാലസ്തീനിയന്‍ അതോറിറ്റി തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിച്ചായിരിക്കും തുടര്‍നടപടികളെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു.
ഇതോടെ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ജി 7 രാജ്യമായി കാനഡ മാറും. നേരത്തെ ഫ്രാന്‍സും പിന്നാലെ ബ്രിട്ടണും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു.
ഗാസയില്‍ സ്ഥിതിഗതികള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മാര്‍ക്ക് കാര്‍ണി പറഞ്ഞു. അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന ഈ മാനുഷിക ദുരന്തം തടയുന്നതില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അക്രമത്തിന് പകരം സമാധാനം തിരഞ്ഞെടുക്കുന്നവര്‍ക്കൊപ്പം നില്‍ക്കണമെന്നും കാര്‍ണി വ്യക്തമാക്കി.
ഗാസയിലെ പട്ടിണി അടിയന്തരമായി പരിഹരിക്കണമെന്നും സാധാരണക്കാര്‍ ഇങ്ങനെ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കിയിരുന്നു.






