അടുക്കള ബജറ്റ് നിയന്ത്രിക്കാനും ചൈനതന്നെ ശരണം! കിഴിവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്കുള്ള സോയ ഓയില്‍ ഇറക്കുമതി കുതിച്ചുയര്‍ന്നു; മൂന്നു മാസത്തിനിടെ എത്തിയത് 1.50 ലക്ഷം മെട്രിക് ടണ്‍; അര്‍ജന്റീനയെയും ബ്രസീലിനെയും വെട്ടി

മുംബൈ: വന്‍ വിലക്കിഴിവു പ്രഖ്യാപിച്ചതിനു പിന്നാലെ ചൈനയില്‍നിന്നുള്ള സോയ ഓയില്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ 1.50 മെട്രിക് ടണ്‍ സോയ എണ്ണ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്‌തെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍നിന്നായിരുന്നു ഇതുവരെ ഇറക്കുമതിയെങ്കില്‍ ഇക്കുറി അവരെ ഒഴിവാക്കിയത് ചൈനീസ് ക്രഷറുകളില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്.
നിലവില്‍ ലോകത്തിലേറ്റവും കൂടുതല്‍ സോയബീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. ഇറക്കുമതി കുത്തനെ ഉയര്‍ന്നതോടെ അവിടെ സോയ എണ്ണയ്ക്കു വിലയിടിഞ്ഞു. ഇറക്കുമതി പട്ടികയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ക്രഷറുകളെയും ബാധിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയിലേക്ക് റെക്കോഡ് ഇറക്കുമതി നടത്തിയത്. ഇതു വീണ്ടും ചൈനീസ് സോയബീന്‍ വിപണിയെ ഉഷാറാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനീസ് വില്‍പനക്കാര്‍ ടണ്ണിനു 15 മുതല്‍ 20 ഡോളര്‍വരെ വിലക്കിഴിവാണു പ്രഖ്യാപിച്ചത്. ഈ അവസരം മുതലെടുത്താണ് ഇന്ത്യന്‍ വ്യാപാരികള്‍ വന്‍തോതില്‍ ഇറക്കുമതി നടത്തിയത്. ‘ചൈനയിലെ സോയാബീന്‍ ക്രഷറുകള്‍ ആവശ്യത്തിലധികം എണ്ണയുത്പാദനത്തില്‍ വലഞ്ഞപ്പോഴാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്. ഉടനടി അവര്‍ ഇന്ത്യയില്‍ മാര്‍ക്കറ്റു കണ്ടെത്താന്‍ കഴിഞ്ഞെന്നും’ ഒരു സോഴ്‌സ് വെളിപ്പെടുത്തി.
ഇതുവരെ അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നാണു സോയ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. തെക്കേ അമേരിക്ക ടണ്ണിന് 1160 ഡോളറിനു വില്‍പന നടത്തുമ്പോള്‍ ചൈന 1140 രൂപയാണ് പ്രഖ്യാപിച്ചത്. ഇതില്‍ ഇന്‍ഷുറന്‍സ് അടക്കം ഉള്‍പ്പെടും. കുറഞ്ഞ ചരക്കു ചെലവ് വിപണിയില്‍ ചൈനയ്ക്കു മുന്‍തൂക്കവും നല്‍കിയിട്ടുണ്ട്. തെക്കേ അമേരിക്കയില്‍നിന്ന് ആറാഴ്ചയെടുത്താണ് എണ്ണ ഇന്ത്യയില്‍ എത്തുന്നത്. എന്നാല്‍, ചൈനയില്‍നിന്ന പരമാവധി മൂന്നാഴ്ചയാണ് എടുക്കുന്നത്.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന വെജിറ്റബിള്‍ ഓയിലിന്റെ മൂന്നിലൊന്നും ഇറക്കുമതിയിലൂടെയാണു കണ്ടെത്തുന്നത്. പാം ഓയില്‍ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നും സണ്‍ഫ്‌ളവര്‍ ഓയില്‍ സോയ ഓയില്‍ എന്നിവ റഷ്യ, യുക്രൈന്‍, അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നും ഇറക്കുമതി ചെയ്തിരുന്നു. പാം ഓയിലിനേക്കാള്‍ സോയ ഓയിലിന് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇന്ത്യയിലെ പ്രതിവര്‍ഷം പാചക എണ്ണകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്. ഈ സാഹചര്യത്തില്‍ ചൈനയില്‍നിന്നുള്ള ഇറക്കുമതി വര്‍ധിക്കാനാണ് സാധ്യതയെന്ന് സണ്‍വിന്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് സന്ദീപ് ബജോരിയ പറഞ്ഞു.






