IndiaLead News

ധര്‍മസ്ഥല കൊലപാതകം; മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നു കരുതുന്ന 15 സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് സാക്ഷി

ബംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും മൃതശരീരങ്ങള്‍ പലയിടത്തായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയ സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞു. ഈ സ്ഥലങ്ങളില്‍ ആന്റി നക്സല്‍ ഫോഴ്സിനെ (എഎന്‍എഫ്) വിന്യസിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെ എട്ട് സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്താണ്. ഒമ്പത് മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലും ബാക്കി രണ്ടു സ്ഥലങ്ങള്‍ ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്തുമാണ്.

Signature-ad

മംഗളൂരുവില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ വെളിപ്പെടുത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയും അഭിഭാഷകര്‍ക്കൊപ്പം മല്ലിക്കാട്ടെയിലെ ഇന്റലിജന്‍സ് ബ്യൂറോ ഓഫീസില്‍ ഇയാള്‍ ഹാജരായിരുന്നു.

ദിവസങ്ങള്‍ക്കു മുമ്പ് ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണത്തൊഴിലാളിയാണ് വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ആവശ്യവുമായി വക്കീല്‍ വഴി ധര്‍മസ്ഥല പൊലീസ് സ്റ്റേഷനിലെത്തി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താന്‍ കത്തിച്ച് കുഴിച്ചുമൂടിയെന്നുമാണ് ഇയാള്‍ വക്കീല്‍ വഴി നല്‍കിയ പരാതിയില്‍ വെളിപ്പെടുത്തിയത്.

1998-2014 കാലയളവിലാണ് ഇതൊക്കെ നടന്നത്. കുടുംബത്തെ ഉള്‍പ്പെടെ കൊല്ലുമെന്ന ഭീഷണി വന്നതിനാല്‍ നാട് വിട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണം എന്ന് തോന്നിയതിനാലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നത് എന്നുമാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്.

Back to top button
error: