Breaking NewsKerala

യമനില്‍ നിന്ന് അറിയിപ്പ് ലഭിച്ചു; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം; തീരുമാനം തിങ്കളാഴ്ച നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ; ഉടന്‍ മോചിതയാകില്ല

കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. യമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചെന്നും മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം.

അതേസമയം നിമിഷപ്രിയ ഉടന്‍ മോചിതയാകില്ലെന്നാണ് വിവരം. വധ ശിക്ഷ റദ്ദാക്കാനും മറ്റ് കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യ പ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിന് പുറമെ നോര്‍ത്തേണ്‍ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം എന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.

Signature-ad

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് താല്‍കാലികമായി നീട്ടിവെച്ചിരുന്നു.

2017 ജൂലൈ 25 നാണ് യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

Back to top button
error: