
ന്യൂഡല്‍ഹി: അടുത്ത ക്രിക്കറ്റ് ടെസ്റ്റ് ലോകകപ്പ് ഫൈനലുകള്‍ ഇന്ത്യയില്‍ നടത്തണമെന്ന ബിസിസിഐയുടെ ആവശ്യത്തിന് തിരിച്ചടി. 2027, 2029, 2031 വര്‍ഷങ്ങളിലായി നടക്കുന്ന അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളുടെ അവകാശം ഇംഗ്ലണ്ടിന് അനുവദിച്ചതോടെയാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) ഇന്ത്യയുടെ ആവശ്യത്തിനു മങ്ങലേറ്റത്. ബിസിസിഐയ്ക്കും ഇന്ത്യക്കും ഏറെ അഭിമാനകരമായേക്കാവുന്ന നീക്കങ്ങള്‍ക്കാണ് സിംഗപ്പൂരില്‍ നടന്ന യോഗത്തില്‍ തിരിച്ചടിയായത്.
2021, 2023 വര്‍ഷങ്ങളിലെ ടെസ്റ്റ് ഫൈനലുകള്‍ ഇംഗ്ലണ്ടില്‍ നടത്തിയപ്പോള്‍ വന്‍ വിജയമാണെന്നാണു വിലയിരുത്തല്‍. വലിയ ടൂര്‍ണമെന്റുകള്‍ വിജയകരമായി നടത്താനുള്ള ഇംഗ്ലണ്ടിന്റെ ശേഷിയിലും ഐസിസി ഉദ്യോഗസ്ഥര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. പിരിച്ചുവിട്ട അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് കളിക്കാരെ പിന്തുണയ്ക്കാനും പരമോന്നത സമിതി തീരുമാനിച്ചു. അമേരിക്കന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചും വിശദമായി പരിശോധിക്കും.
ഓവലിലും ലോഡ്‌സിലുമാണ് മുമ്പ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ട് ടെസ്റ്റ് ഫൈനലുകള്‍ നടന്നത്. ഇംഗ്ലണ്ടിന്റെ സ്റ്റേഡിയങ്ങള്‍, ആരാധകര്‍, ടെസ്റ്റ് ഫോര്‍മാറ്റുമായുള്ള ദീര്‍ഘകാല ബന്ധം എന്നിവ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് അനുയോജ്യമാണെന്നും ഐസിസി ബോര്‍ഡ് പരാമര്‍ശിച്ചു.
ഇംഗ്ലണ്ടില്‍ ഫൈനല്‍ സംഘടിപ്പിക്കുന്നത് ഡബ്ല്യുടിസിയെ കൂടുതല്‍ ജനപ്രിയമാക്കുമെന്ന് ഐസിസി ബോര്‍ഡ് ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇസിബിക്കു വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. മറ്റേതെങ്കിലും ഒരു രാജ്യത്തു ഫൈനല്‍ നടത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ ഇന്ത്യക്കു വിട്ടു നല്‍കണമെന്നു ബിസിസിഐ വാദിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ലെന്നും ക്രിക്ക് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ, യൂറോപ്യന്‍ രാജ്യത്തിനു പുറത്ത് മത്സരം നടത്തണമെന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ആവശ്യപ്പെട്ടിരുന്നു.






