
പെട്ടെന്ന് വണ്ണം കുറയ്ക്കാനായി അനാരോഗ്യകരമായ പലവഴികള്‍ക്കും പിന്നാലെ പോകുന്നവരുണ്ട്. പലരും വിദഗ്ധ ഉപദേശം തേടാതെ അനാരോഗ്യകരമായ ഡയറ്റുകള്‍ ആരംഭിക്കും. അത്തരത്തില്‍ സ്വന്തം പിറന്നാളിന് മുന്നോടിയായി വണ്ണം നന്നേ കുറയ്ക്കാന്‍ ചൈനയില്‍ നിന്നുള്ള ഒരു പതിനാറുകാരി ചെയ്തത് ഒടുവില്‍ ആശുപത്രി കിടക്കയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്.
ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള മെയ് എന്ന കൗമാരക്കാരിയാണ് വണ്ണംകുറയ്ക്കാന്‍ അനാരോഗ്യകരമായ മാര്‍ഗം പരീക്ഷിച്ചത്. സൗത് ചൈനാ മോണിങ് പോസ്റ്റിലൂടെയാണ് പെണ്‍കുട്ടിയുടെ അനുഭവം പുറത്തുവന്നിരിക്കുന്നത്. പുതിയ പിറന്നാള്‍ വസ്ത്രം പാകമാവാനായാണ് മെലിയാന്‍ തീരുമാനിച്ചത്. അതിനായി രണ്ടാഴ്ചയോളം ഭക്ഷണം നന്നേ കുറച്ചു. വളരെ കുറച്ച് അളവില്‍ പച്ചക്കറികള്‍ മാത്രമാണ് കഴിച്ചിരുന്നത്. വയറിളക്കുന്നതിനുള്ള മരുന്നും കഴിച്ചു. എന്നാല്‍ വൈകാതെ മെയ്ക്ക് ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടു തുടങ്ങി. പേശികള്‍ ക്ഷയിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയിലെത്തിച്ചത്.
തുടര്‍ പരിശോധനയില്‍ മെയുടെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ നില അപകടകരമായ രീതിയില്‍ താഴ്ന്നിരിക്കുകയാണെന്ന് കണ്ടെത്തി. ഹൈപോകലീമിയ എന്ന അവസ്ഥയായിരുന്നു അത്. മതിയായ ചികിത്സ തേടാതിരുന്നാല്‍ ശ്വാസതടസ്സവും ഹൃദയസ്തംഭനവും വരെ ഉണ്ടായേക്കാം. സന്തുലിതമല്ലാത്ത ഭക്ഷണരീതിയും നിര്‍ജലീകരണവുമാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാക്കിയതെന്ന് മെയ്‌യെ ചികിത്സിച്ച ഫിസിഷ്യനായ ഡോ. ലി പറഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടാവസ്ഥയിലെത്തും മുമ്പെ ജീവന്‍ രക്ഷിക്കാനായെന്നും ഡോക്ടര്‍ പറഞ്ഞു.
എന്താണ് ഹൈപ്പോകലീമിയ?
രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്ന അവസ്ഥയാണിത്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. വിവിധ ഭക്ഷണങ്ങളിലൂടെയാണ് ശരീരത്തിനാവശ്യമായ പൊട്ടാസ്യം ലഭിക്കുന്നത്. ഛര്‍ദി, വയറിളക്കം, വയറിളക്കത്തിനുള്ള മരുന്നുകളുടെ ഉപയോഗം എന്നിവ ഹൈപ്പോകലീമിയയിലേക്ക് നയിക്കുന്നു. ബുളീമിയ നെര്‍വോസ പോലുള്ള ഈറ്റിങ് ഡിസോര്‍ഡര്‍ ഉള്ളവര്‍, അമിതമായി വിയര്‍ക്കുന്നവര്‍, മദ്യപാനികള്‍, ചിലയിനം മരുന്നുകള്‍ കഴിക്കുന്നവര്‍, കടുത്ത വൃക്കരോഗം ഉള്ളവര്‍, മഗ്‌നീഷ്യം നില കുറവുള്ളവര്‍, പോഷകപൂര്‍ണമായ ആഹാരം ഒഴിവാക്കുന്നവര്‍ എന്നിവരില്‍ പൊട്ടാസ്യം കുറയാനുള്ള സാധ്യത കൂടുതലാണ്.
നേരിയ തോതില്‍ പൊട്ടാസ്യം കുറയുന്നതിന് ലക്ഷണങ്ങള്‍ കാണാറില്ലെങ്കിലും നന്നേ കുറയുന്ന സാഹചര്യങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാവും.






