Breaking NewsIndiapolitics

പ്രതിപക്ഷത്തിന്റെ പ്രമേയം ധന്‍കര്‍ അംഗീകരിച്ചതിന് പിന്നാലെ, പരിധിവിട്ടെന്ന് ബിജെപി നേതൃത്വം; ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ അവിശ്വാസപ്രമേയ ഭീഷണിയോ?

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള ജഗ്ദീപ് ധന്‍കറുടെ രാജിക്ക് പിന്നില്‍ ബിജെപി നേതൃത്വത്തിന്റെ അവിശ്വാസപ്രമേയ ഭീഷണിയെന്ന് സൂചന. ജഗദീപ് ധന്‍കര്‍ പരിധി ലംഘിച്ചെന്നും അവിശ്വാസപ്രമേയം ഉടന്‍ വേണമെന്ന് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ തീരുമാനമായെന്നും ഇതോടെയാണ് ധന്‍കര്‍ രാത്രി തന്നെ രാജിവച്ചതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച രാത്രിയോടെ ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചത്. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണക്കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധന്‍കറിന്റെ ആഹ്വാനം കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നും ഇതോടെയാണ് ധന്‍കര്‍ പരിധിവിട്ടതെന്ന അഭിപ്രായം നേതൃത്വത്തിന് ഉണ്ടായതെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്.

Signature-ad

ആറ് മാസം മുന്‍പ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം തന്നെ അദേഹത്തിന് പിന്തുണയുമായി വന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് ധന്‍കര്‍ പരിധി ലംഘിച്ചു എന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചത്. പ്രതിപക്ഷത്തിന്റെ പ്രമേയം ധന്‍കര്‍ അംഗീകരിച്ചതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ ഒരു യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ ഓഫിസില്‍ മന്ത്രിമാര്‍ മറ്റൊരു യോഗം കൂടി. ഭരണകക്ഷിയിലെ എല്ലാ രാജ്യസഭാ എംപിമാരെയും അവിടെ വിളിച്ചു വരുത്താന്‍ ബിജെപിയുടെ ചീഫ് വിപ്പിനോട് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.

പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ബിജെപി എംപിമാരെ രാജ്‌നാഥ് സിങിന്റെ ഓഫിസിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് ഒരു പ്രധാന പ്രമേയത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ബിജെപി എംപിമാര്‍ക്ക് പിന്നാലെ എന്‍ഡിഎ ഘടകക്ഷിയില്‍പ്പെട്ട രാജ്യസഭാ എംപിമാരെയും വിളിപ്പിച്ചു. എല്ലാവരോടും പ്രമേയത്തെക്കുറിച്ച് പുറത്തുപറയാന്‍ പാടില്ലെന്നും അടുത്ത നാല് ദിവസം ഡല്‍ഹിയില്‍ തന്നെ തുടരാനും നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ പ്രമേയത്തെക്കുറിച്ചും എംപിമാര്‍ അതില്‍ ഒപ്പുവച്ചുവെന്നുമുള്ള വിവരം ധന്‍കറിനെ നേതൃത്വം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രാത്രിക്ക് രാത്രി ധന്‍കര്‍ എക്‌സ് പേജിലൂടെ തന്റെ രാജിക്കത്ത് പുറത്ത് വിട്ടതെന്നാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

രാജി വാര്‍ത്തകള്‍ പുറത്തു വരുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ധന്‍കറുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വെളിപ്പെടുത്തിയിരുന്നു. രാജ്യസഭയില്‍ നിരന്തരം തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നവരാണ് ഇരുവരും. പ്രമോദ് തിവാരി, അഖിലേഷ് പ്രസാദ് സിങ് എന്നിവര്‍ക്കൊപ്പം ഇന്നലെ വൈകുന്നേരമാണ് ജയറാം രമേശ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തിന് നടക്കാനിരുന്ന ബിസിനസ് ഉപദേശക സമിതി യോഗത്തെക്കുറിച്ചാണ് ധന്‍കര്‍ സംസാരിച്ചത്. എല്ലാം സാധാരണ രീതിയിലായിരുന്നു.

ധന്‍കര്‍ ആരോഗ്യവാനാണെന്നും രാജി വയ്ക്കുന്നതിന്റെ യാതൊരു സൂചനയും ചര്‍ച്ചയുടെ സമയത്ത് പ്രകടിപ്പിച്ചിരുന്നില്ലെന്നുമാണ് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞത്. പുതിയ കമ്മിറ്റിയില്‍ ധന്‍കറിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചര്‍ച്ച പോലും നടത്തിയിരുന്നതായും അദേഹം പറഞ്ഞു. രാജ്യസഭാധ്യക്ഷന്‍ കൂടിയായ ജഗദീപ് ധന്‍കറിന്റെ രാജിയുണ്ടാക്കിയ അമ്പരപ്പ് പങ്കുവെച്ച് സമാജ്വാദി പാര്‍ട്ടി എംപി അഖിലേഷ് യാദവും രംഗത്ത് വന്നിരുന്നു. രാജി പ്രഖ്യാപിച്ച ഇന്നലെ വൈകുന്നേരം ആറിന് ജഗദീപ് ധന്‍കറെ കണ്ടത് ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് അമ്പരപ്പ് പങ്കുവെച്ചത്. അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്നും രാജിയേപ്പറ്റി സൂചനയൊന്നും നല്‍കിയില്ലെന്നുമാണ് അഖിലേഷ് പറഞ്ഞത്.

എല്ലാം സാധാരണയായി തോന്നിയെങ്കിലും അണിയറയില്‍ കാര്യമായ സംഭവ വികാസങ്ങള്‍ നടന്നിരുന്നു എന്നാണ് അറിയുന്നത്. ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്ന് നിര്‍ദേശിച്ച് 63 പ്രതിപക്ഷ എംപിമാരില്‍ നിന്ന് ലഭിച്ച നോട്ടീസിനെക്കുറിച്ച് നേരത്തേ സഭയെ അഭിസംബോധന ചെയ്തപ്പോള്‍ ധന്‍കര്‍ സൂചിപ്പിച്ചിരുന്നു. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നൂറിലധികം എംപിമാരുടെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയമായിരുന്നു തിങ്കളാഴ്ചത്തെ സുപ്രധാന വിഷയം. തുടര്‍ നടപടികള്‍ക്കായി ഒരു സംയുക്ത സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും അദേഹം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, തന്റെ ആരോഗ്യത്തെക്കുറിച്ചോ സ്ഥാനമൊഴിയാനുള്ള ഉദ്ദേശത്തെക്കുറിച്ചോ അപ്പോഴും അദേഹം ഒന്നും പറഞ്ഞിരുന്നില്ല.

മാത്രമല്ല ബോക്‌സിങ് താരങ്ങളുടെയും കര്‍ഷകരുടെയും സമരങ്ങളില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിലും ധന്‍കര്‍ ഭരണ നേതൃത്വത്തിന്റെ അപ്രീതി നേടിയിരുന്നു. ധന്‍കറിന്റെ രാജി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണോ എന്ന സംശയവും ഉയരുന്നുണ്ട്. അതിനിടെ അടുത്ത ഉപരാഷ്ട്രപതി ആരാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഉപരാഷ്ട്രപതി പദവിയില്‍ ഒഴിവ് വന്നാല്‍ ആര് ആ ചുമതലകള്‍ നിര്‍വഹിക്കണമെന്ന് ഭരണഘടനയില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍, രാജ്യസഭാ ചെയര്‍പേഴ്സണെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇതനുസരിച്ച് ഡെപ്യൂട്ടി ചെയര്‍പേഴ്സണോ അല്ലെങ്കില്‍ രാഷ്ട്രപതി ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും രാജ്യസഭാംഗമോ ആയിരിക്കും ആ ചുമതല നിര്‍വഹിക്കുക.

ഭരണഘടനയുടെ 66-ാം അനുച്ഛേദമനുസരിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. സാധ്യതാ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് എന്‍ഡിഎ വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: