അന്തിമ പോരാട്ടമോ? ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചതിനു പിന്നാലെ ഗസയിലെ ഡെയര്‍-അല്‍ ബലായില്‍ ടാങ്കുകള്‍ ഇറക്കി ഇസ്രയേല്‍; ഹമാസിന്റെ ശക്തികേന്ദ്രം; 20 ബന്ദികള്‍ ഇവിടെയുണ്ടെന്ന് സംശയം; ഹമാസ് കടുത്ത സമ്മര്‍ദത്തില്‍ എന്നു സൈനിക വൃത്തങ്ങള്‍

ഗസ: ഒഴിഞ്ഞുപോകല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെ ഗസയിലെ ഹമാസിന്റെ ശക്തി കേന്ദ്രമായ ഡെയര്‍-അല്‍ബലായില്‍ ഇറങ്ങി ഇസ്രയേല്‍ സൈന്യം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഐഡിഎഫിന്റെ ടാങ്കുകളും സൈനികരും ഓപ്പറേഷന്‍ ആരംഭിച്ചെന്നു പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. കഴിഞ്ഞ 21 മാസമായി പലസ്തീനികള്‍ ഇവിടെയാണ് തടിച്ചുകൂടിയിട്ടുള്ളത്. ഇസ്രയേല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെ ഇവര്‍ തെക്ക്, പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങിത്തുടങ്ങി.
ഹമാസിന്റെ കമാന്‍ഡുകള്‍ക്കും നിര്‍മിതികള്‍ക്കും നേരെയുള്ള ആക്രമണമാണ് ഇസ്രയേല്‍ ആരംഭിച്ചിട്ടുള്ളത്. ഹമാസ് കടുത്ത സമ്മര്‍ദത്തിലാകണെന്നും ഐഡിഎഫ് ടാങ്കുകള്‍ നടപടികള്‍ വേഗത്തിലാക്കിയെന്നും സൈനിക വൃത്തങ്ങളും അറിയിച്ചു. ‘ഗസയിലേക്കു നൂറുണക്കിനു ട്രക്കുകളിലാണ് ഇസ്രയേലും അമേരിക്കയും ഭക്ഷണമെത്തിക്കുന്നതെന്നും ജനം പട്ടിണിയിലാണെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണു ഹമാസിന്റെ തന്ത്ര’മെന്നും ഇദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ബന്ദികളെ പിടിച്ചുവയ്ക്കാനും ആഗോള സമൂഹത്തിന്റെ പിന്തുണ തേടാനുമുള്ള തന്ത്രമാണിതെന്നും സൈനിക വൃത്തങ്ങള്‍ ആരോപിച്ചു.
നഗരത്തിന്റെ തെക്കന്‍ മേഖലകളില്‍ ആരും ജനാലകള്‍ക്കരികിലോ കെട്ടിടങ്ങള്‍ക്കു മുകളിലോ കയറരുതെന്നു ഐഡിഎഫ് നേരത്തേ അറബി ഭാഷയില്‍ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. പൊതു സ്ഥലങ്ങളില്‍ തടിച്ചുകൂടരുതെന്നും കഴിയാവുന്നത്ര സമയം വീടിനുള്ളില്‍ കഴിയണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.
ഗസയുടെ ഹൃദയമന്നു വിശേഷിപ്പിക്കാവുന്ന ഡെയ്ര്‍ അല്‍ ബലാ ഹമാസിന്റെ ശക്തി കേന്ദ്രത്തിനൊപ്പം നിരവധി അഭയാര്‍ഥി ക്യാമ്പുകളും പ്രവര്‍ത്തിക്കുന്ന മേഖലയാണ്. ഗാസ മുനമ്പിന്റെ തെക്കുവടക്കു മേഖലകളെ വേര്‍തിരിക്കുന്ന നഗരംകൂടിയാണിത്. ഇവിടെ ഇസ്രായേല്‍ ഇതുവരെ ഗ്രൗണ്ട് ഓപ്പറേഷനുകള്‍ ആരംഭിച്ചിരുന്നില്ല. അതിനാല്‍ നിരവധിയാളകുകളാണ് ഇവിടേക്ക് എത്തിയിരുന്നത്. നിരവധിയാളുകളെ പ്രവേശിപ്പിച്ചിട്ടുള്ള ഷുഹദ അല്‍-അക്‌സ്വ ആശുപത്രിയും ഈ നഗത്തിലാണുള്ളത്.
കഴിഞ്ഞ ജനുവരിയില്‍ ബന്ദികളെ വിട്ടയയ്ക്കാനുള്ള നടപടികള്‍ തുടങ്ങിയ സമയത്ത് ചിലര്‍ മോചിപ്പിക്കപ്പെട്ടത് ഡെയ്ല്‍ അല്‍-ബലായിലാണ്. ഹമാസിന്റെ ബറ്റാലിയന്‍ ഏറ്റവും കൂടുതലുള്ള മേഖലകൂടിയാണിത്. യുദ്ധത്തിനു തയാറുള്ള നിരവധി ഹമാസ് തീവ്രവാദികള്‍ ഇവിടെയുണ്ട്. ചില ബന്ദികള്‍കൂടി ഈ ഭാഗത്തുണ്ടെന്ന സംശയത്തിന്റെ പുറത്താണ് ഐഡിഎഫ് ഇതുവരെ നേരിട്ടുള്ള ആക്രമണത്തിനു മുതിരാതിരുന്നത്. ഹമാസിന്റെ പിടിയിലുള്ള 50 ബന്ദികളില്‍ 20 പേരെങ്കിലും ഇപ്പോഴും ജീവനോടെയുണ്ടെന്നാണു കരുതുന്നത്.
ഹമാസ് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന സംശയത്തില്‍ നൂറുകണക്കിനു കെട്ടിടങ്ങളാണ് ഓരോ ആഴ്ചയും ഐഡിഎഫ് തകര്‍ക്കുന്നത്. നിരീക്ഷണത്തിനും സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്നിനും സ്‌നൈപ്പര്‍മാര്‍ക്കു പൊസിഷന്‍ എടുക്കുന്നതിനും ഈ കെട്ടിടങ്ങള്‍ ഉപയോഗിക്കുന്നെന്നായിരുന്നു ഐഡിഎഫ് പറഞ്ഞത്. എന്നാല്‍, രണ്ട് ഐഡിഎഫ് ഡിവിഷനുകള്‍ക്കു മാസങ്ങളോം പോരടിച്ചാല്‍ മാത്രമേ മേഖല നിയന്ത്രണത്തലാക്കാന്‍ കഴിയൂ എന്നു വിലയിരുത്തുന്നവരുമുണ്ട്.






