Breaking NewsKeralaLead NewsNEWSSocial MediaTRENDING

എവിടെയെങ്കിലും ഉറച്ചു നില്‍ക്ക് കാസേ! നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള കാന്തപുരത്തിന്റെ ഇടപെടലിനെ വിമര്‍ശിച്ച തീവ്ര ക്രിസ്ത്യന്‍ സംഘടനയായ ‘കാസ’യ്ക്ക് മറുപടിയുമായി പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; അബ്ദുള്‍ റഹീമിനെ മോചിപ്പിച്ചപ്പോള്‍ പറഞ്ഞതിന് കടകവിരുദ്ധം

കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ പിന്‍വലിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ വിമര്‍ശിച്ചു തീവ്ര ക്രിസ്തീയ സംഘടനയായ കാസ രംഗത്തു വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം. ‘ഭാരതീയര്‍ ഏതു നാട്ടില്‍പോയി എന്തു വൃത്തികേടു കാട്ടി ജയിലിലായാലും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു മോചിപ്പിച്ചു കൊണ്ടുവരുമെന്നാണോ?’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ചോദ്യം. കാസ നേതാവ് കെവിന്‍ പീറ്ററായിരുന്നു ഇതിനു പിന്നില്‍. കാന്തപുരത്തിന്റെ ഇടപെടലുകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

‘നിമിഷ പ്രിയ ലോകത്തെ ഏതു രാജ്യത്തെ നിയമം വെച്ചു നോക്കിയാലും ഒപ്പം ദൈവീക നിയമപ്രകാരവും കടുത്ത കുറ്റവാളി തന്നെയാണെന്ന്’ കെവിന്‍ പീറ്റര്‍ പറഞ്ഞു. ഏതൊരു കുറ്റവാളിക്കും താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ ന്യായീകരണങ്ങള്‍ പലതും ഉണ്ടാവും. ബോംബെയില്‍ നിരപരാധികളെ തലങ്ങും വിലങ്ങും വെടിവെച്ചുകൊന്ന അജ്മല്‍ കസബിന് പോലുമുണ്ടായിരുന്നു ന്യായീകരണം, അതുപോലെതന്നെ നിമിഷ പ്രിയയ്ക്കുമുണ്ട് ന്യായീകരണം. കൊല്ലപ്പെട്ട യമനി പൗരന്‍ നടത്തിയ ചതിയോ വഞ്ചനയോ പീഡനമോ ഒന്നും ഒരിക്കലും അയാളെ കൊല ചെയ്യുന്നതിനുള്ള ഒരു ന്യായീകരണമേ ആകുന്നില്ല.

Signature-ad

ഇനി ദൈവത്തിന്റെ മുന്നിലും നിമിഷപ്രിയ കുറ്റക്കാരി തന്നെയല്ലേ ? ജീവന്‍ കൊടുക്കാനും ജീവന്‍ എടുക്കാനും ദൈവത്തിന് മാത്രമാണ് അധികാരം എന്നിരിക്കെ കൊലപാതകം എന്നുള്ളത് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഒരു മാരക പാപവും 10 കല്‍പ്പനകളിലെ കൊല്ലരുത് എന്നുള്ള ആറാമത്തെ കല്‍പ്പനയുടെ ലംഘനവുമാണ്.

ഭാരതം പോലെ ഒരു രാജ്യത്തിന്റെ ഭരണകൂടം ഇത്തരത്തില്‍ മറ്റു രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളായ പൗരന്മാര്‍ക്ക് വേണ്ടി വേണ്ടി ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത് എന്ത് സന്ദേശമാണ് സ്വന്തം പൗരന്മാര്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കുന്നത്? ഭാരതീയര്‍ ഏത് നാട്ടില്‍ പോയി എന്ത് വൃത്തികേട് കാട്ടി ജയിലില്‍ ആയാലും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മോചിപ്പിച്ചു കൊണ്ടുവരുമെന്നാണോ?’

കേരളത്തിലെ ഇസ്‌ളാമിക മതനേതാവ് കാന്തപുരം ചൊവ്വാഴ്ച്ച യെമനിലെ സൂഫി പണ്ഡിതനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത് സാധ്യമായത് എന്ന രീതിയില്‍ കാന്തപുരത്തെ നന്മമരമാക്കി കൊണ്ട് തുടങ്ങിയ കോലാഹലങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. സത്യത്തില്‍ ഞായറാഴ്ച വധശിക്ഷ നീട്ടിവെച്ച തീരുമാനത്തില്‍ കാന്തപുരത്തിന്റെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. പക്ഷേ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ ഇനി സ്വാധീനിക്കാനുള്ള കാര്യങ്ങളില്‍ ഒരു പക്ഷേ കാന്തപുരത്തിന് അവിടെ തനിക്ക് ബന്ധമുള്ള ആളുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമാരിക്കും!. കേരളത്തില്‍ ഇപ്പോള്‍ നടത്തുന്ന മൂന്നാംകിട കാന്തപുരം സ്തുതിയും ആഘോഷവും അനാവശ്യ വിവാദങ്ങളും ചര്‍ച്ചകളും വാര്‍ത്തകളും എല്ലാം അവസാനിപ്പിക്കുക തന്നെ വേണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എന്നാല്‍ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ഒരു വര്‍ഷം മുന്‍പുള്ള കാസയുടെ പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇന്നുള്ളതിന് നേരെ കടകവിരുദ്ധമായ പ്രസ്താവനയായിരുന്നു കാസ നടത്തിയത്. നേരത്തെ സൗദിയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വേണ്ടി പണം പിരിക്കുന്ന വേളയിലായിരുന്നു നിമിഷയെ പിന്തുണച്ച് കാസ രംഗത്തെത്തിയത്. ‘കോടികള്‍ കൊടുത്ത് റഹീമിനെ ഇറക്കാന്‍ ആളുണ്ട്. നിമിഷപ്രിയക്കായി പിരിക്കാന്‍ ഒരാള്‍ക്കും താല്‍പര്യമില്ല’, എന്നായിരുന്നു 2024 ഏപ്രില്‍ 12ന് കാസ ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണം

‘കൊലപാതക കുറ്റത്തില്‍ അകത്തു കിടക്കുന്ന അബ്ദുല്‍ റഹീമിന് വേണ്ടി 27 കോടി കൊടുത്ത് ഇറക്കാന്‍ കേരളത്തില്‍ ആളുണ്ട്. പക്ഷെ വേറെ ഒരു മലയാളി പെണ്‍കുട്ടി നിമിഷ പ്രിയ യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടതിന് കോടികള്‍ പിരിക്കാന്‍ ഒരാള്‍ക്കും താല്‍പര്യം ഇല്ല. അന്ന് ആ ന്യൂസിന്റെ അടിയില്‍ അവള്‍ ചാവേണ്ടവള്‍ ആണെന്നാണ് മേത്തന്മര്‍ കമന്റ് അടിച്ചത്, ജോലി സ്ഥലത്തു വെച്ച് കാട്ടറബി തന്റെ യഥാര്‍ത്ഥ കാട്ടസ്വഭാവം പുറത്ത് എടുത്തപ്പോള്‍ ചെറുത്തുനില്‍പ്പ് നടത്തിയ സാഹചര്യത്തില്‍ ചത്തു പോയ ഉടായിപ്പ് യെമനി അറബിയുടെ ഭാഗത്തു ആയിരുന്നു തെറ്റ്, ഇപ്പോള്‍ ഞമ്മന്റെ ആള് ചാവാന്‍ പോയപ്പോള്‍ എന്താ കേരളത്തിലെ പുകില്‍. ഇതാണ് കേരളത്തില്‍ നടക്കുന്ന ഇരട്ടതാപ്പ്,’ എന്നായിരുന്നു അന്നത്തെ കുറിപ്പ്. രണ്ട് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ചേര്‍ത്തുവച്ച് ‘എവിടെയെങ്കിലും ഉറച്ചുനില്‍ക്ക് കാസേ’ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

 

Back to top button
error: