മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; 3,220 പേരെ മാറ്റിപ്പാർപ്പിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്
ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്നു മേൽനോട്ട സമിതി തീരുമാനത്തോട് കേരളം വിയോജിച്ചു. ഈ റിപ്പോർട്ടിൽ മറുപടി നൽകാൻ കേരളത്തോട് കോടതി നിർദേശിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കേസ് വീണ്ടും പരിഗണിക്കും
കേരളം : മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെളളിയാഴ്ച രാവിലെ ഏഴുമണിക്ക് തുറക്കുമെന്നാണ് തമിഴ്നാടിന്റെയും അറിയിപ്പ്. മുന്നൊരുക്കങ്ങൾ പൂർത്തിയായി, സർക്കാർ സജ്ജമെന്നും മന്ത്രി പറഞ്ഞു.
മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്നു മേൽനോട്ട സമിതി സുപ്രീംകോടതിയിൽ നിലപാടറിയിച്ചിരുന്നു. തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തി. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ മറുപടി നൽകാൻ കേരളത്തോട് കോടതി നിർദേശിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കേസ് വീണ്ടും പരിഗണിക്കും. മേൽനോട്ട സമിതിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വർധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ 3,220 പേരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചതായി ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
സുരക്ഷയുടെ ഭാഗമായുള്ള മുൻകരുതൽ നടപടികൾ അവലോകനം ചെയ്യുന്നതിനായി വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിലാണ് കളക്ടർ ഇക്കാര്യമറിയിച്ചത്.
പീരുമേട് താലൂക്കിലെ ഏലപ്പാറ, ഉപ്പുതറ, പെരിയാർ, മഞ്ചുമല വില്ലേജുകൾ ഇടുക്കി താലൂക്കിലെ അയ്യപ്പൻകോവിൽ, കാഞ്ചിയാർ വില്ലേജുകൾ, ഉടുമ്പഞ്ചോല താലൂക്കിലെ ആനവിലാസം വില്ലേജ് എന്നിവിടങ്ങളിൽനിന്നാണ് 3220 പേരെ മാറ്റിപ്പാർപ്പിക്കുന്നത്. ക്യാമ്പുകളിലേക്കു മാറ്റിപ്പാർപ്പിക്കേണ്ടവർക്കായുള്ള കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ വളർത്തുമൃഗങ്ങളെ മാറ്റാനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ക്യാമ്പിലും ചാർജ് ഓഫീസർമാരുണ്ട്. ആരോഗ്യസുരക്ഷാ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജീകരിച്ചുവെന്നും കളക്ടർ അറിയിച്ചു.
അണക്കെട്ട് മേഖലയിൽ മഴ കുറഞ്ഞു
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെയും മഴ കുറവായിരുന്നു. ഇന്നലെ ജലനിരപ്പ് 137.6 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 3244 ഘനയടിയാണ്. 2,200 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ട് പ്രദേൾത്ത് ഇന്നലെ 11 മില്ലിമീറ്ററും തേക്കടിയിൽ 10.8 മില്ലിമീറ്ററും മഴ ലഭിച്ചു.