നീന്തലിൽ മെഡലുകൾ വാരി സിനിമാതാരം ആർ. മാധവന്റെ മകൻ വേദാന്ത്
ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നിരവധി പുരസ്കാരങ്ങൾ വേദാന്തിനെ തേടിയെത്തിയിട്ടുണ്ട്. അറുപത്തിനാലാമത് എസ്ജിഎഫ്ഐ നാഷനൽ സ്കൂൾ ഗെയിംസിലും വേദാന്ത് മാധവൻ സ്വർണം കരസ്ഥമാക്കിയിരുന്നു
തെന്നിന്ത്യൻ സിനിമാതാരം ആർ. മാധവന്റെ മകൻ വേദാന്ത് നീന്തൽക്കുളത്തിൽ മെഡലുകൾ വാരുകയാണ്. ദേശീയ ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ 7 മെഡലുകളാണ് വേദാന്ത് മുങ്ങിയെടുത്തത്. ചാംപ്യൻഷിപ്പിൽ മഹാരാഷ്ട്രയ്ക്കു വേണ്ടിയാണ് 16കാരനായ വേദാന്ത് മത്സരിച്ചത്. 800, 1500 മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിലും 4–100, 4–200 മീറ്റർ ഫ്രീസ്റ്റൈൽ റിലേകളിലും വേദാന്ത് വെള്ളി മെഡൽ നേടി.
100, 200, 400 മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിൽ വെങ്കലവും നേടി. സെപ്റ്റംബറിൽ നടന്ന ഏഷ്യൻ എയ്ജ് ഗൂപ്പ് ചാംപ്യൻഷിപ്പിൽ റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിലും വേദാന്ത് അംഗമായിരുന്നു.
ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നിരവധി പുരസ്കാരങ്ങൾ വേദാന്തിനെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂനിയർ അക്വാട്ടിക് ചാംപ്യൻഷിപ്പിൽ വേദാന്ത് മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു. മൂന്ന് സ്വർണമെഡലുകളും ഒരു വെള്ളി മെഡലും നേടിയാണ് വേദാന്ത് അന്ന് താരമായത്.
അറുപത്തിനാലാമത് എസ്ജിഎഫ്ഐ നാഷനൽ സ്കൂൾ ഗെയിംസിലും വേദാന്ത് മാധവൻ സ്വർണം കരസ്ഥമാക്കിയിരുന്നു. മുമ്പ് തായ്‌ലൻഡിൽ നടന്ന രാജ്യാന്തര നീന്തൽ മൽസരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത് വേദാന്തായിരുന്നു.