NEWS

തൃശൂരിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്, തിരുവിതാംകൂർ നിധി ലിമിറ്റഡിൻ്റെ ചെയർമാനും ഡയറക്ടർമാരും അറസ്റ്റിൽ

ലക്ഷങ്ങൾ നഷ്ടപെട്ട ധാരാളം പേർ പരാതിയുമായി എത്തുന്നുണ്ട്. മറ്റു സ്ഥാപനങ്ങളേക്കാൾ അമിത പലിശയാണ് ഈ സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നത്. തൃശൂർ ജില്ലയ്ക്കു പുറത്തുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ട്

പ്രതിമാസം 12 ശതമാനം പലിശ വാഗ്ദാനം ചെയത് നിരവധിപേരിൽ നിന്നും കോടികണക്കിനു രൂപ തട്ടിയെടുത്ത അനധികൃത പണമിടപാട് സ്ഥാപനത്തിൻ്റെ ചുമതലക്കാരെ തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തു.

Signature-ad

പുഴയ്ക്കൽ ആനേടത്ത് വീട്ടിൽ രതീഷ് (39), വിൽവട്ടം പാടൂക്കാട് ദേശത്ത് തൃപ്പേകുളത്ത് മാരാത്ത് വീട്ടിൽ നവീൻകുമാർ (41) കോലഴി അരിമ്പൂർ വീട്ടിൽ ജുവിൻ (42) എന്നിവരാണ് പിടിയിലായത്.

തിരുവിതാംകൂർ നിധി ലിമിറ്റഡ് എന്ന പേരിൽ പാട്ടുരായ്ക്കലിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് അയ്യന്തോളിലുള്ള പഞ്ചിക്കലിലേക്ക് മാറ്റിയിരുന്നു. ഈ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്.
10 ലക്ഷം രൂപ നഷ്ടമായ തൃശൂർ സ്വദേശിയുടെ പരാതിയിൽ വെസ്റ്റ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്ത കേസിലെ നടന്ന അന്വേഷണത്തിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് വെളിച്ചത്തു വന്നത്. പിന്നീട് ലക്ഷങ്ങൾ നഷ്ടപെട്ട ധാരാളം പേർ പരാതിയുമായി എത്തുകകയായിരുന്നു. മറ്റു സ്ഥാപനങ്ങളേക്കാൾ അമിതമായ പലിശയാണ് ഈ സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നത്. തൃശൂർ ജില്ലയ്ക്കു പുറത്തുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ട് എന്നാണ് ഒടുവിൽ ലഭ്യമായ വിവരം.

അറസ്റ്റിലായ രതീഷ് ആനേടത്താണ് കമ്പനി ചെയർമാൻ. നവീൻകുമാർ, ജുവിൻ പോൾ, ജാക്സൺ ആൻറണി, പ്രജോദ്, ജയശീലൻ, തിതിൻ കുമാർ,സൂരജ്, ഹരികൃഷ്ണൻ എന്നിവർ ഡയറക്ടർമാർ.സ്ഥാപനത്തിലെ വർക്കർമാരായ  ജിലു, ബിന്ദു, ഷിൻസി, ഷെഫീറോസ്, ഈശ്വരി എന്നിവരുൾപ്പടെ പതിനഞ്ചോളം പ്രതികളാണ് കേസിലുൾപെട്ടിട്ടുള്ളത്. കൂടുതൽ പ്രതികളെ വരും ദിവസങ്ങളിൽ അറസ്റ്റുചെയ്യുമെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും വെസ്റ്റ് പോലീസ് അറിയിച്ചു.

തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ വി.കെ രാജുവിൻ്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.ആർ റെമിൻ, കെ.എൻ. വിജയൻ, ജയനാരായണൻ കെ.ജി, ഹരി പി.കെ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

തൃശൂർ സിറ്റിപോലീസിൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇത്തരം അനധികൃത പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ ജാഗ്രത പുലർത്താനുള്ള നിർദ്ദേശം ജനങ്ങളുടെ ശ്രദ്ധയിലേക്കായി കഴിഞ്ഞ ദിവസം നൽകിയിരുന്നു.

Back to top button
error: