ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ്; ധൂര്‍ത്തടിക്കുന്നത് കോടികള്‍; സംപ്രേക്ഷണ അവകാശം വിറ്റഴിച്ചത് നക്കാപ്പിച്ചയ്ക്ക്; സ്പോണ്‍സര്‍മാര്‍ നല്‍കാനുള്ളത് കോടികള്‍; ഡീസല്‍ അടിച്ചതില്‍ ലക്ഷങ്ങള്‍ തട്ടിപ്പ്; പോലീസിന് ബിരിയാണി വാങ്ങി നല്‍കിയത് രണ്ടുകോടി രൂപയ്ക്ക്; ഞെട്ടിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട്
കടുത്ത പ്രതിസന്ധി നിലനില്‍ക്കുമ്പോഴും പാക് ക്രിക്കറ്റ് ബോര്‍ഡ് മീഡിയ ഡയറക്ടറെ നിയമിച്ചത് മൂന്നുലക്ഷം രൂപ പ്രതിമാസ ശമ്പളത്തിലാണ്. എന്നാല്‍, ജോലിക്കായുള്ള അപേക്ഷ ക്ഷണിക്കലും നിയമനവുമടക്കം ഒറ്റ ദിവസത്തില്‍ സംഭവിച്ചു! തൊട്ടു പിന്നാലെ അണ്ടര്‍ 16 ടീമിനായി മൂന്നു കോച്ചുകളെ നിയമിച്ചു. ഇവര്‍ക്കു മതിയായ യോഗ്യതയില്ലെന്ന ആരോപണത്തിനു പുറമേ, നല്കിയ ശമ്പളം കേട്ടാലും ഞെട്ടും

ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വത്തിനും സാമ്പത്തിക അസ്ഥിരാവസ്ഥയ്ക്കും രാജ്യാന്തര സൗഹൃദങ്ങള്‍ക്കിടയിലെ വിള്ളലുകള്‍ക്കുമിടയില്‍ പാകിസ്താന് ക്രിക്കറ്റിലും അഴിമതിയുടെ കൊടുങ്കാറ്റ്. സാമ്പത്തിക ക്രമക്കേട്, രഹസ്യ ഇടപാടുകള്‍, നിയമവിരുദ്ധ നിയമനങ്ങള്‍ എന്നിങ്ങനെ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) മുഖം മൂടി വലിച്ചുകീറുന്ന റിപ്പോര്‍ട്ട് പാക് ഓഡിറ്റര്‍ ജനറല്‍ (എജിപി) പുറത്ത്. പാക് ക്രിക്കറ്റിനെ നന്നാക്കാനല്ല, മറിച്ചു കൊള്ളടയിക്കുകയാണു പിസിബി ചെയ്യുന്നതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തുറന്നടിക്കുന്നു.
ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വ്യക്തിപരമായ നേട്ടങ്ങള്‍ക്കു പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ കോടികള്‍ കൊള്ളയടിച്ചതിന്റെ ഉദാഹരണമാണെന്നു ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖര്‍ ആരോപിച്ചു. കളിക്കാര്‍ക്കും മത്സരങ്ങള്‍ക്കും ആവശ്യത്തിനു പണം ലഭിക്കാതെ ബുദ്ധിമുട്ടുമ്പോള്‍ രാജ്യാന്തര മത്സരങ്ങള്‍ക്കായി സുരക്ഷയേര്‍പ്പെടുത്തിയ പോലീസിനു ഭക്ഷണയിനത്തില്‍ ചെലവിട്ടത് രണ്ടുകോടി രൂപയ്ക്കു തത്തുല്യമാണ് പാകിസ്താന് രൂപയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ കളിക്കാരടക്കമുള്ളവര്‍ക്കു പണം ചെലവിടുന്നതു മനസിലാക്കാമെങ്കിലും സ്വന്തം രാജ്യത്തു ശമ്പളം കൈപ്പറ്റി ജോലി ചെയ്യുന്നവര്‍ക്കായി ഇത്രയും പണം എന്തിനു ചെലവിട്ടെന്നാണ് ഓഡിറ്റിലെ ചോദ്യം. സാധാരണ പാകിസ്താനികള്‍ പണപ്പെരുപ്പത്തില്‍ വലയുമ്പോള്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്കു ബിരിയാണിയും ലഘുഭക്ഷണവും നല്കിയ ഇനത്തിലാണ് ഈ കണക്കു കാട്ടിയിരിക്കുന്നതെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.
ഠ ചെയര്മാന്മാര് വരും പോകും, അഴിമതി തുടരും
2022 ല്‍ മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ റമീസ് രാജയെ ചെയര്മാന് സ്ഥാനത്തുനിന്നു നീക്കിയശേഷം ക്രിക്കറ്റ് ബോര്‍ഡ് അഴിമതിയുടെ കൂത്തരങ്ങായി. രാജയ്ക്കു പിന്നാലെ നജാം സേത്തി എത്തി. അതിനു പിന്നാലെ സാക്ക അഷ്റഫും മൊഹ്സിന്‍ നഖ്വിയും എത്തി. ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണി അഴിമതിയും സ്വജന പക്ഷപാതമാണെന്നും പറയുന്നു. മറ്റേതൊരു രാജ്യത്തും ഇത്തരം റിപ്പോര്‍ട്ടുകള്‍ സ്ഫോടനാത്മകവും നിരവധി പേരുടെ തലകള്‍ ഉരുളുന്നതിലേക്കും ജയില്‍ ശിക്ഷയിലേക്കും നയിക്കുമെങ്കില്‍ ചെയര്മാന്മാരെ മാറ്റുക മാത്രമാണു പാകിസ്താനില്‍ നടക്കുന്നത്. ബോര്‍ഡിനു ലഭിക്കുന്ന പണം മിന്നല്‍ വേഗത്തില്‍ അപ്രത്യക്ഷമാകുന്നതു മാത്രമാണു മിച്ചം.
കടുത്ത പ്രതിസന്ധി നിലനില്‍ക്കുമ്പോഴും പാക് ക്രിക്കറ്റ് ബോര്‍ഡ് മീഡിയ ഡയറക്ടറെ നിയമിച്ചത് മൂന്നുലക്ഷം രൂപ പ്രതിമാസ ശമ്പളത്തിലാണ്. എന്നാല്‍, ജോലിക്കായുള്ള അപേക്ഷ ക്ഷണിക്കലും നിയമനവുമടക്കം ഒറ്റ ദിവസത്തില്‍ സംഭവിച്ചു! തൊട്ടു പിന്നാലെ അണ്ടര്‍ 16 ടീമിനായി മൂന്നു കോച്ചുകളെ നിയമിച്ചു. ഇവര്‍ക്കു മതിയായ യോഗ്യതയില്ലെന്ന ആരോപണത്തിനു പുറമേ, നല്കിയ ശമ്പളം കേട്ടാലും ഞെട്ടും. ഇതുവരെ ഒരു പണിയും എടുക്കാത്ത ഇവര്‍ക്കായി 16.5 ലക്ഷമാണു ശമ്പളമായി അനുവദിച്ചത്. ഭാവി ചാമ്പ്യന്മാരെ കെട്ടിപ്പടുക്കുന്നതിനു പകരം സ്വന്തമായിട്ട് ഒരു സാമ്രാജ്യം നിര്‍മിക്കാനാണ് മാറിമാറിയെത്തുന്നവര് ശ്രമിക്കുന്നത്.

ഠ മൊഹ്സിന്‍ നഖ്വി: അഴിമതിയുടെ പോസ്റ്റര്‍ ബോയ്
പാക് ക്രിക്കറ്റിലെ അഴിമതിക്ക് ഒരു ‘പോസ്റ്റര്‍ ബോയ്’ ഉണ്ടെങ്കില്‍ അത് മൊഹ്സിന്‍ നഖ്വിയാണ്. പിസിബി ചെയര്മാന്, ആഭ്യന്തര മന്ത്രി എന്നീ ഇരട്ടപ്പദവികള്‍ വഹിച്ചിട്ടും യൂട്ടിലിറ്റി ബില്ലുകള്‍, പെട്രോള്‍, താമസം എന്നിവയ്ക്കായി പ്രതിമാസം 13 ലക്ഷത്തോളം രൂപയാണ് എഴുതിയെടുക്കുന്നത്. സര്‍ക്കാര്‍ ഇദ്ദേഹത്തിനു വേറെയും അലവന്‍സുകളും ശമ്പളവും നല്‍കുമ്പോഴാണ് ഈ കടുംവെട്ട്. മറ്റ് ഏതൊരു ജനാധിപത്യ രാജ്യത്തും ഇതൊരു അഴിമതിയാണെങ്കില്‍ പാകിസ്താനില്‍ പതിവുപോലെ ബിസിനസ് മാത്രമാണ്.
ഠ സംപേക്ഷണ അവകാശം നക്കാപ്പിച്ചയ്ക്ക്
മത്സരങ്ങള്‍ നിയന്ത്രിക്കുന്നവര്‍ക്ക് മത്സര ഫീസ് ഇനത്തില്‍ 12 ലക്ഷത്തോളം നല്‍കിയെങ്കിലും വാണിജ്യപരമായ തീരുമാനങ്ങള്‍ തിരിച്ചടിയായി. വിപണി വിലയെക്കാള്‍ കുറഞ്ഞ മൂല്യത്തിനാണു മിക്ക മത്സരങ്ങളുടെയും സംപ്രേക്ഷണ അവകാശം വിറ്റത്. ഇതിലൂടെ ആറുകോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലേലം ചെയ്യാതെ വെറും 99 ദശലക്ഷം ഡോളറിനാണു രാജ്യാന്തര സംപ്രേക്ഷണ അവകാശം കൈമാറിയത്.
ഒരുകാലത്ത് ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍കൊണ്ട് ലോകത്തെ ഞെട്ടിച്ച പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് നിലവില്‍ വ്യാജ ഇടപാടുകാരുടെയും നിശബ്ദ പങ്കാളികളുടെയും മാര്‍ക്കറ്റ് ആയി മാറി. ക്രിക്കറ്റുമായി ബന്ധമില്ലാത്തവര്‍ക്കാണ് അതിന്റെ അധികാരങ്ങള്‍ കൈമാറുന്നതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ബോര്‍ഡിനു കിട്ടാനുള്ളത് 161 കോടിയോളം രൂപയാണ്. ഇതു പിരിച്ചെടുക്കാനുള്ള ആര്‍ജവം ബോര്‍ഡ് കാട്ടുന്നില്ല. ഇതിനു പിന്നില്‍ എന്തെങ്കിലും ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
കളിക്കാരുടെ യാത്രയ്ക്കായി ഒരുക്കിയ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ ഡീസല്‍ അടിക്കുന്നതിന് ചെലവിട്ടത് 60 ലക്ഷം രൂപ. ഈ പണം പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇവന്റുകള്‍ നടക്കുമ്പോള്‍ ആഡംബര വാഹനങ്ങള്‍ക്കായി നല്‍കിയത് 60 ലക്ഷം രൂപ. ഇതിന്റെ പകുതി പണം പോലും അത്ലറ്റുകള്‍ക്കോ അണ്ടര്‍ 19 കളിക്കാര്ക്കുവേണ്ടിയോ ഉള്ള പരിശീലനത്തിനുപോലും ചെലവിട്ടിട്ടില്ല.
റിപ്പോര്‍ട്ടില്‍ അഴിമതിക്കു ചുക്കാന്‍ പിടിച്ചെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്ന നജാം സേത്തിയും സാക്ക അഷറഫും പിസിബിയുടെ തലപ്പത്ത് ഒന്നിലധികം തവണ എത്തിയിട്ടുണ്ട്. ഇവരുടെ നിയമനം വിവാദങ്ങള്‍ കൊണ്ടുവന്നത് ഒഴിച്ചാല്‍ കളിക്കാര്‍ക്കു മെച്ചമുണ്ടായില്ല. ശക്തരെ വീണ്ടുംവീണ്ടും തലപ്പത്ത് എത്തിക്കാനും സ്ഥാപനത്തെ നശിപ്പിക്കാനും മാത്രമാണ് ഇതുപകരിച്ചതെന്നും സര്‍ക്കാര്‍ തലത്തില്‍ അഴിമതികളെക്കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.






