കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കാൻ തീരുമാനമായി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ യോഗം വിളിച്ചു. ധനമന്ത്രി കെഎന് ബാലഗോപാൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ധനകാര്യ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തത്. നിലവിലുള്ള കെഎസ്ആർടിസിയുടെ അധിക ചിലവ് കുറച്ചുകൊണ്ട് വരുമാനം വർധിപ്പിക്കണം എന്ന വ്യവസ്ഥയിലാണ് സർക്കാർ ശമ്പളപരിഷ്ക്കരണം നടപ്പിലാക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഇക്കാര്യം ജീവനക്കാരുമായി ചർച്ചചെയ്ത് ധാരണയിലെത്താൻ സിഎംഡി ബിജു പ്രഭാകർ ഐഎഎസിനെ ചുമതലപ്പെടുത്തി.
കെഎസ്ആർടിസിക്ക് പുതുതായി 700 സിഎൻജി ബസുകൾ കിഫ്ബി മുഖാന്തരം വാങ്ങിക്കാനുള്ള സാധ്യതകൾ പരിഗണിക്കാമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. താൽപ്പര്യമുള്ള ജീവനക്കാർക്ക് മധ്യപ്രദേശ് സർക്കാർ നടപ്പാക്കിയതുപോലെ 50 ശതമാനം ശമ്പളം കൊടുത്ത് കൊണ്ട് പെൻഷൻ മുതലായ മറ്റ് ആനുകൂല്യങ്ങളിൽ വീഴ്ചയില്ലാതെ രണ്ട് വർഷം വരെ അവധി നൽകുവാനുമുള്ള മാനേജ്മെന്റ് നിർദേശം യൂണിയനുകളുമായി ചർച്ച ചെയ്യാനും തീരുമാനമാനിച്ചു . കണ്ടക്ടർ, മെക്കാനിക്ക് വിഭാഗങ്ങളിൽ അധികമായി വരുന്ന ജീവനക്കാരെയാണ് ഇത്തരത്തിൽ രണ്ട് വർഷത്തെ അവധിയെടുക്കാൻ അനുമതി നൽകുന്നത്. രണ്ട് വർഷക്കാലത്തേക്കെങ്കിലും ഈ പ്രതിസന്ധി തുടരും. കെഎസ്ആർടിസിക്ക് പൂർണമായും വരുമാനത്തിലേക്ക് എത്താൻ സാധിക്കില്ല എന്നത് പരിഗണിച്ചാണ് ഈ തീരുമാനം.
ഡ്യൂട്ടി പാറ്റേൺ പരിഷ്കരണവും, സുശീൽ ഖന്ന റിപ്പോർട്ടിലെ സ്വീകാര്യമായിട്ടുള്ള പരിഷ്കരണങ്ങളുമായി മുന്നോട്ട് പോകും. ബജറ്റിൽ പറഞ്ഞ പ്രകാരം 2021 ഫെബ്രുവരിയിൽ ബജറ്റിൽ അവതരിപ്പിച്ചതനുസരിച്ച് എൻബിഎസ് പെൻഷൻ സ്കീമിലേക്ക് കുടിശ്ശികയായി അടയ്ക്കാനുള്ള 225 കോടി രൂപ അനുവദിക്കും. തവണകളായിട്ടാണ് അനുവദിക്കുക. അധികമുള്ള ജീവനക്കാരെ ഫ്യൂവൽ ഔട്ട്ലെറ്റിലേക്ക് നിയോഗിക്കുവാൻ തീരുമാനിച്ചു. കെഎസ്ആർടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളിലേക്കും പമ്പ്, മറ്റുള്ളവ തുടങ്ങാൻ തീരുമാനിച്ചു. വർക്ക്ഷോപ്പ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവ പുനസംഘടിപ്പിച്ച് 20 ആക്കി കുറക്കും. കെഎസ്ആർടിസിക്ക് സ്വന്തമായി ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വിംങ് ആരംഭിക്കാനും തീരുമാനിച്ചു.