Breaking NewsLead NewsMovie

വെറും ജാനകിയല്ല ‘ജാനകി വി!! ജാനകിയുടെ പേര് പറയുന്ന സ്ഥലങ്ങൾ മ്യൂട്ട് ചെയ്യുന്നതുൾപ്പെടെ എട്ട് മാറ്റങ്ങൾ സെൻസർ ബോർഡ് അനുമതിയെത്തി, ജെഎസ്കെ വരും ദിവസങ്ങളിൽ തിയറ്ററുകളിൽ

തിരുവനന്തപുരം: ജെഎസ്കെ സിനിമയിൽ ഇനി മുതൽ ജാനകി എന്ന പേരിനുപകരം ‘ജാനകി വി’ എന്നായിരിക്കും കാണപ്പെടുക. ഇതുൾപ്പെടെ 8 മാറ്റങ്ങളോടെ ചിത്രത്തിന് സെൻസർ ബോർഡ് അനുമതി. പേരിലെ മാറ്റത്തിനൊപ്പം, ചിത്രത്തിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന സ്ഥലങ്ങൾ ‘മ്യൂട്ട്’ ചെയ്യുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് റീ എഡിറ്റിൽ വരുത്തിയിരിക്കുന്നത് എന്നാണ് അറിയുന്നത്. മാറ്റങ്ങൾ വരുത്തി കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ ചിത്രം സെൻ‍സർ ചെയ്യാനെത്തിച്ചത്. സെൻസർ ബോർഡ് അനുമതി ലഭിച്ചതോടെ അടുത്ത ദിവസങ്ങളിൽത്തന്നെ ചിത്രം തിയററ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

സിനിമയുടെ പേരിലെ ജാനകി എന്നതു മാറ്റുക, സംഭാഷണത്തിൽ പേര് ഉച്ചരിക്കുന്നതു മാറ്റുക തുടങ്ങിയവയായിരുന്നു സെൻസർ ബോർഡ് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ. കൂടാതെ മത, ജാതി, വംശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സെൻസർ ബോർഡ് സിനിമയ്ക്ക് അനുമതി നിഷേധിച്ചത്. തുടർന്നു ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കേസ് പരിഗണിച്ച ജസ്റ്റിസ് എൻ. നഗരേഷ് ചിത്രം കാണുകയും ചെയ്തു. തുടർന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ സെൻസർ ബോർഡ് രണ്ടു നിർദേശങ്ങൾ മുന്നോട്ടുവച്ചു. ഇത് അംഗീകരിക്കാമെന്ന് സിനിമയുടെ നിർമാതാക്കൾ കോടതിയിൽ അറിയിച്ചതോടെയാണ് പ്രതിസന്ധി നീങ്ങിയത്.

Signature-ad

സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടിചേർത്ത് സിനിമയുടെ പേര് ‘വി. ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ ആക്കുക, ചിത്രത്തിൽ ക്രോസ് വിസ്താര രംഗങ്ങളിൽ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക തുടങ്ങിയവയായിരുന്നു സെൻസർ ബോർഡ് പറഞ്ഞ മാറ്റങ്ങൾ. ഇതോടെ ചിത്രത്തിന്റെപേര് ‘ജെഎസ്കെ– ജാനകി.വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാക്കാൻ നിർമാതാക്കൾ സമ്മതിച്ചു. ചിത്രത്തിലെ 1.06.45 മുതൽ 1.08.32 സമയത്തിനിടയ്ക്കും 1.08.33 മുതൽ 1.08.36 സമയത്തിനിടയ്ക്കും പരാമർശിക്കുന്ന പേരും മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്നും നിർമാതാക്കൾ അറിയിക്കുകയായിരുന്നു.

സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമ ജൂൺ 27ന് റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെ തുടർന്ന് സിനിമയുടെ റിലീസ് നീണ്ടുപോയത്.

Back to top button
error: