Breaking NewsKeralaLead NewsNEWSpolitics

പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്ന് വോട്ടു ചോര്‍ന്നു; കോണ്‍ഗ്രസിന്റെയും വര്‍ഗീയ ശക്തികളുടെയും ഇടതുപക്ഷത്തിലെ സ്ത്രീ വോട്ടുകളും ബിജെപിക്കു ലഭിച്ചു; ഭരണ വിരുദ്ധ വികാരം തിരിച്ചടിയായി; രൂക്ഷ വിമര്‍ശനവുമായി സിപിഐ ജില്ല സമ്മേളന റിപ്പോര്‍ട്ട്

തൃശൂര്‍: സുരേഷ് ഗോപി വിജയിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നു വോട്ട് ചോര്‍ന്നെന്നു സിപിഐ ജില്ല സമ്മേളന റിപ്പോര്‍ട്ട്. ഏറ്റവുമധികം സാധ്യത കല്‍പ്പിച്ച സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ പരാജയപ്പെട്ടു. വര്‍ഗീയശക്തികളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

കോണ്‍ഗ്രസിന്റെ വോട്ട് വലിയ രീതിയില്‍ ചോര്‍ന്നത് ബിജെപിയുടെ വിജയത്തിന് സഹായിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഡിഎഫിന്റെയും പാര്‍ട്ടിയുടെയും പ്രതീക്ഷകളെ തകിടം മറിച്ചാണ് തൃശൂരില്‍ വിഎസ് സുനില്‍ കുമാറിന്റെ തോല്‍വി. ന്യൂനപക്ഷ സമുദായങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാട് തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചു. അഞ്ചുവര്‍ഷത്തോളം സുരേഷ് ഗോപിക്കായി ബിജെപി പ്രചാരണം നടത്തിയത് സോഷ്യല്‍ മീഡിയ പേജുകളും ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളും വാടകയ്ക്ക് എടുത്താണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

ക്ഷേത്രങ്ങളിലും കോളനികളിലും ബിജെപി സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താന്‍ പ്രത്യേക പ്രവര്‍ത്തനം നടത്തി. ഇടതുപക്ഷത്തിന് സ്ഥിരമായി വോട്ട് ചെയ്തിരുന്ന സ്ത്രീകളുടെ യുവജനങ്ങളുടെയും വോട്ടുകള്‍ എന്‍ഡിഎക്ക് ലഭിച്ചുവെന്നും ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളിലെയും സഹകരണ മേഖലകളിലെയും അഴിമതികള്‍ തിരഞ്ഞെടുപ്പില്‍ ക്ഷീണം ചെയ്തുവെന്നും വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ നടത്തിയ വാര്‍ത്താസമ്മേളനം ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം. എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ച ഉണ്ടായി. ബൂത്ത് കമ്മറ്റികളില്‍ നിന്ന് വോട്ടുചേര്‍ക്കണമെന്ന് മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികള്‍ ഉണ്ടായില്ല. ഘടകങ്ങള്‍ പലതും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചില്ല. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ഉണ്ടായിട്ടുള്ള വീഴ്ചകള്‍ ഗൗരവത്തോടുകൂടി കാണണം. സാമ്പ്രദായിക രീതിയിലുള്ള എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശം.

തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലുടനീളം ബിജെപിക്കാര്‍ കൃത്രിമമായി വോട്ട് ചേര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ ആരോപണം. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പത് ഡല്‍ഹി ലെഫ്റ്റ് ഗവര്‍ണര്‍ കേരളത്തില്‍ എത്തി മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയത് ക്രൈസ്തവ വോട്ട് സമാഹരിക്കാനാണെന്നും കേന്ദ്ര ഏജന്‍സികളെ ചൂണ്ടിക്കാട്ടി വ്യവസായികളെ ഭീഷണിപ്പെടുത്തിയും വലിയതോതില്‍ പണമൊഴുകി തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും സിപിഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Back to top button
error: