പാക് സൈബര്‍ ആക്രമണങ്ങള്‍ കടുത്തു; മണിക്കൂറുകള്‍ക്കുള്ളില്‍ 15 ലക്ഷം ആക്രമണം; വിജയിച്ചത് 150 എണ്ണം; പാകിസ്താന്‍ ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ് ഇന്ത്യന്‍ സൈബര്‍ സംഘം; വ്യാപക മുന്നറിയിപ്പ്

ഹൈദരാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് 15 ലക്ഷം സൈബര്‍ ആക്രമണങ്ങള്‍. പാകിസ്താന്‍ ആസ്ഥാനമായ ഗ്രൂപ്പുകളില്‍നിന്നാണു സൈബര്‍ ആക്രമണമുണ്ടായതെന്നും 150 എണ്ണം മാത്രമാണു വിജയിച്ചതെന്നും മഹാരാഷ്ട്ര സൈബര്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വെബ്സൈറ്റുകളില്‍ 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍ നടത്തിയ ഏഴ് അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ട് (എപിടി) ഗ്രൂപ്പുകളെ മഹാരാഷ്ട്ര നോഡല്‍ സൈബര്‍ ഏജന്‍സി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 150 എണ്ണം മാത്രമേ സൈബര്‍ അറ്റാക്കിന് വിധേയമായിട്ടുള്ളൂ..
ആക്രമണങ്ങള്‍ക്ക് പിന്നിലാര്?
‘റോഡ് ഓഫ് സിന്ദൂര്‍’ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനെതിരെ ആക്രമണം നടത്തിയ ഏഴ് ഹാക്കിംഗ് ഗ്രൂപ്പുകള്‍ ഏതൊക്കെയെന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എപിടി 36, പാകിസ്ഥാന്‍ സൈബര്‍ ഫോഴ്സ്, ടീം ഇന്‍സെയ്ന്‍ പികെ, മിസ്റ്റീരിയസ് ബംഗ്ലാദേശ്, ഇന്‍ഡോ ഹാക്സ് സെക്, സൈബര്‍ ഗ്രൂപ്പ് എച്ച്ഒഎക്സ് 1337, നാഷണല്‍ സൈബര്‍ ക്രൂ എന്നീ ഏഴ് ഗ്രൂപ്പുകളെയാണ് നിലവില്‍ തിരിച്ചറിഞ്ഞത്.
ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 10 ദശലക്ഷത്തിലധികം സൈബര്‍ ആക്രമണ ശ്രമങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ഡിഫന്‍സ് പോര്‍ട്ടലുകള്‍ വരെ ഹാക്ക് ചെയ്യാന്‍ ഇവര്‍ ശ്രമിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ ഒന്നിലധികം സൈബര്‍ ഗ്രൂപ്പുകളില്‍ നിന്നുള്ളവരുമായി പാകിസ്ഥാനി ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയുന്നു. ഇന്ത്യയുടെ ആഭ്യന്തര സംവിധാനങ്ങളെ അസ്ഥിരപ്പെടുത്തുകയും, ജനങ്ങളില്‍ പരിഭ്രാന്തി വര്‍ധിപ്പിക്കുകയും, പൊതുജനവിശ്വാസം ഇല്ലാതാക്കുകയും ആണ് സൈബര്‍ ആക്രമണങ്ങളിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്.
വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇന്ത്യയിലെ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ സൈബര്‍ ആക്രമണങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ഹാക്കിങ് ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മൊറോക്കോ, മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നത്.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റ്‌വരെ ഹാക്ക് ചെയ്‌തെന്നും ഇന്ത്യന്‍ ബാങ്കിംഗ് രംഗം താറുമാറാക്കിയെന്നുമാണു പാകിസ്താന്‍ ഹാക്കര്‍മാര്‍ അവകാശപ്പെട്ടത്. രാജ്യത്ത് വൈദ്യുതി തടസമുണ്ടാക്കിയതായും വരെ ഇവര്‍ തെറ്റായ അവകാശവാദമുന്നയിച്ചിരുന്നു. ഇന്ത്യയ്ക്കെതിരെ വിദ്വേഷമുണ്ടാക്കുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയുടെ പവര്‍ ഗ്രിഡിനെതിരായ സൈബര്‍ ആക്രമണം, വൈദ്യുതി തടസപ്പെടല്‍, ഉപഗ്രഹ ജാമിങ്, നോര്‍ത്തേണ്‍ കമാന്‍ഡിന്റെ തടസം, ബ്രഹ്മോസ് മിസൈല്‍ സംഭരണ കേന്ദ്രത്തിന് നേരെ നടന്ന ആക്രമണം എന്നിവയെല്ലാം ഇത്തരത്തില്‍ പ്രചരിച്ച തെറ്റായ വാര്‍ത്തകളാണ്.
ഇത്തരം വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ മഹാരാഷ്ട്ര സൈബര്‍ വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ തെറ്റായ വിവരങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും വിശ്വസനീയവും ഔദ്യോഗികവുമായ ഉറവിടങ്ങള്‍ വഴി വാര്‍ത്തകള്‍ പരിശോധിക്കണമെന്നുമാണ് സൈബര്‍ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. മാത്രമല്ല, വെബ്സൈറ്റുകളും ഡിജിറ്റല്‍ ഉപകരണങ്ങളും ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും, എല്ലായ്പ്പോഴും ജാഗരൂകരായിരിക്കണമെന്നും സൈബര്‍ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.






