MovieSocial MediaTRENDING

”ഓരോ കേസുകള്‍ വരുമ്പോള്‍ കേട്ടിരുന്നു, ജഗതിച്ചേട്ടന്‍ സെറ്റിലിങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ല”

ഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് നടന്‍ ജഗതി ശ്രീകുമാര്‍, വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്നു നടന്‍. സംസാര ശേഷിയുള്‍പ്പെടെ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ജഗതി ശ്രീകുമാര്‍ ഇന്നും. 2012 മാര്‍ച്ച് മാസത്തിലാണ് ഷൂട്ടിംഗ് സെറ്റിലേക്ക് പോകവെ ജഗതി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപമുള്ള പാണമ്പ്രയിലെ വളവില്‍ വെച്ചായിരുന്നു അപകടം. നടന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

ജഗതി ശ്രീകുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് നടനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച സായ് കുമാറും ബിന്ദു പണിക്കറും. എല്ലാ കാര്യത്തിലും നല്ല അറിവുള്ള മനുഷ്യനാണ് ജഗതി ശ്രീകുമാറെന്ന് താര ദമ്പതികള്‍ പറയുന്നു. സിനിമാതെക്കിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ജഗതിയില്‍ നിന്നും മോശമായ അനുഭവമുണ്ടായോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലും അങ്ങനെയുണ്ടായിട്ടില്ലെന്നാണ് ബിന്ദു പണിക്കര്‍ നല്‍കിയ മറുപടി.

Signature-ad

ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. കേട്ടത് ഓരോ കേസുകള്‍ വരുമ്പോള്‍ അതിലുണ്ട് ഇതിലുണ്ട് എന്നാെക്കെയാണ്. നമ്മുടെ കണ്ണിന്റെ മുമ്പില്‍ അങ്ങനെ ആരോടും പെരുമാറുന്നത് കണ്ടിട്ടേയില്ലെന്ന് ബിന്ദു പണിക്കര്‍ പറയുന്നു. ഇതേക്കുറിച്ച് സായ് കുമാറും അഭിപ്രായം പങ്കുവെച്ചു. അതിനുള്ള സമയമൊന്നും അങ്ങേര്‍ക്കില്ല. അനിയാ രണ്ട് മണിക്കൂറെന്ന് പറഞ്ഞ് നമ്മുടെ മുറിയില്‍ കിടന്നുറങ്ങിയ ആളാണ്. അത് പോലെ തിരക്കായിരുന്നു. ഒരെണ്ണം അടിക്കാന്‍ പോലുമുള്ള സമയമില്ലായിരുന്നെന്നും സായ് കുമാര്‍ പറയുന്നു.

ജഗതിക്കുണ്ടായ അപകടത്തെക്കുറിച്ചും സായ് കുമാര്‍ സംസാരിച്ചു. അത് വിശ്വസിക്കാന്‍ പറ്റില്ല. ആ ഡിവൈഡറില്‍ ഒരിക്കലും ലെഫ്റ്റ് സൈഡ് ഇടിക്കില്ല. ചിലപ്പോള്‍ സംഭവിച്ച് കൂടായ്കയില്ല. പുള്ളിയുടെ വണ്ടിയല്ലായിരുന്നു. മുന്‍ സീറ്റില്‍ ചാരിയേ ഉറങ്ങൂ. ഡ്രൈവര്‍ സൂക്ഷിച്ചേ കൊണ്ട് പോകുമായിരുന്നുള്ളൂ. എന്നാലത് പ്രൊഡക്ഷന്റെ വണ്ടിയായിരുന്നെന്നും സായ് കുമാര്‍ ചൂണ്ടിക്കാട്ടി.

സിനിമകളില്‍ അവസരങ്ങള്‍ ഇല്ലാതായതിനെക്കുറിച്ചും സായ് കുമാറും ബിന്ദു പണിക്കറും സംസാരിക്കുന്നുണ്ട്. ചില രീതിയില്‍ ഞങ്ങളെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. സായ് കുമാറും ബിന്ദു പണിക്കരും സിനിമയില്‍ വേണ്ടെന്ന് തീരുമാനിച്ചവരുണ്ട്. ഇടക്കാലത്ത് റോഷാക്കില്‍ വന്നപ്പോള്‍ എന്താ ചേച്ചി അഭിനയം നിര്‍ത്തിയതായിരുന്നോ എന്ന് പലരും ചോദിച്ചു. വിളിച്ചില്ല എന്നതാണ് സത്യം. വര്‍ക്ക് വന്നാല്‍ എപ്പോഴും ചെയ്യാന്‍ തയ്യാറാണെന്ന് ബിന്ദു പണിക്കര്‍ വ്യക്തമാക്കി.

സിനിമ നടക്കുന്നുണ്ടോ വര്‍ക്കുണ്ടോ എന്ന് ചോദിക്കുന്ന സ്വഭാവം സായ് ചേട്ടനും എനിക്കുമില്ല. പണ്ട് മുതലേ ഇല്ല. വിളിച്ചാല്‍ പോകും. സിനിമകളില്‍ അവസരം കുറഞ്ഞപ്പോള്‍ ഒരുപാട് യാത്ര ചെയ്‌തെന്ന് സായ് കുമാര്‍ പറയുന്നു. സിനിമാ ഫീല്‍ഡില്‍ നടക്കുന്ന വിവരങ്ങള്‍ ഏറ്റവും അവസാനം അറിയുന്നത് ഞങ്ങളാണ്. ഭയങ്കര അത്ഭുതത്തോടെ സിദ്ദിഖിനോട് എടാ നീ അറിഞ്ഞോ എന്ന് ചോദിച്ചാല്‍ അത് എന്നോ അറിഞ്ഞു നീ ഇപ്പോഴാണോ അറിയുന്നത് എന്ന് ചോദിക്കുമെന്നും സായ് കുമാര്‍ പറയുന്നു.

എമ്പുരാനാണ് അടുത്ത കാലത്ത് സായ് കുമാര്‍ ചെയ്ത ശ്രദ്ധേയ മലയാള സിനിമ. ഏറെക്കാലം അഭിനയ രംഗത്ത് കാണാതിരുന്ന ബിന്ദു പണിക്കര്‍ റോഷാക്ക് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തി. മമ്മൂട്ടി നായകനായ സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ബിന്ദു പണിക്കര്‍ അഭിനയിച്ചത്. പിന്നീടിങ്ങോട്ട് നടി തുടരെ സിനിമകള്‍ ചെയ്യുന്നുണ്ട്.

 

Back to top button
error: