Breaking NewsIndiaLead NewsNEWSWorld

തിരിച്ചടി ഉടന്‍? വ്യോമാക്രമണ മുന്നറിയിപ്പിനായി സൈറണ്‍ സ്ഥാപിക്കണം; പൗരന്‍മാര്‍ക്ക് സ്വയരക്ഷയ്ക്ക് പരിശീലനം നല്‍കണം; സംസ്ഥാനങ്ങള്‍ക്ക് നാല് നിര്‍ണായക നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം; മുന്നറിയിപ്പ് നല്‍കി പാകിസ്താനും

ന്യൂഡല്‍ഹി: യുദ്ധത്തിനു മുന്നോടിയായി ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനവും പരിശീലനവും നല്‍കണമെന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. മേയ് ഏഴിനു മോക് ഡ്രില്‍ നടത്തണമെന്നാണു നിര്‍ദേശം. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ പാക് സംഘര്‍ഷം മൂര്‍ഛിച്ച സാഹചര്യത്തിലാണ് യുദ്ധ സജ്ജമാകാനുള്ള സൂചനകളുമായി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും സംസ്ഥാനങ്ങള്‍ക്കു ലഭിച്ചത്. വ്യോമാക്രമണത്തിനു സൂചന നല്‍കുന്ന സൈറനുകള്‍ സ്ഥാപിക്കണമെന്നും ജനങ്ങള്‍ക്കു സ്വയരക്ഷയ്ക്കായി പരിശീലനം നല്‍കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

2019ലെ പുല്‍വാമ ആക്രമണത്തിനുശേഷം ഇന്ത്യക്കു നേരെയുണ്ടായ ഏറ്റവും വലിയ ആക്രമമായിട്ടാണ് 26 സഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണം. ഇന്ത്യ തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപടികളിലേക്കു കടന്നിരുന്നില്ല. ഇന്‍ഡസ് വാലി കുടിവെള്ള കരാര്‍ റദ്ദാക്കുക, വ്യാപാരവും കപ്പല്‍ ചരക്കുനീക്കവും നിരോധിക്കുക, വ്യോമപാതയില്‍ പ്രവേശനം വിലക്കുക തുടങ്ങിയ നടപടികളായിരുന്നു സ്വീകരിച്ചത്. ഇതിനുശേഷം എന്തു നടപടിയെടുക്കാനും സൈന്യത്തിനു നരേന്ദ്ര മോദി അനുമതിയും നല്‍കിയിരുന്നു.

Signature-ad

ഇതേ നിലപാടുകള്‍തന്നെയാണു പാകിസ്താനും ഇന്ത്യക്കുനേരെ ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇപ്പോള്‍ ആക്രമണത്തിനു മുന്നോടിയായി രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും നല്‍കുന്ന നിര്‍ദേശം പുറപ്പെടുവിച്ചത് അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

1. വ്യോമാക്രമണമുണ്ടായാല്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ സൈറനുകള്‍ സജ്ജമാക്കുക
2. വന്‍ ആക്രമണങ്ങളുണ്ടായാല്‍ ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്വയം രക്ഷനേടുന്നതിനുള്ള
3. ക്രാഷ് ബ്ലാക്ക്ഔട്ട് നടപടികള്‍ സ്വീകരിക്കുക
4. സുപ്രധാന പ്ലാന്റുകള്‍, മറ്റു നിര്‍മിതികള്‍ എന്നിവ മറയ്ക്കുക
5. ഒഴിപ്പിക്കല്‍ പദ്ധതികള്‍, റിഹേഴ്‌സല്‍ എന്നിവ നടപ്പാക്കുക എന്നീ നിര്‍ദേശങ്ങളാണു നല്‍കിയത്.

ഇതോടൊപ്പം പാകിസ്താനിലെ ജനങ്ങള്‍ക്കും സൈന്യം സമാന മുന്നറിയിപ്പു നല്‍കിയെന്നാണു പറയുന്നത്. പാകിസ്താന്‍ തുടര്‍ച്ചയായി രണ്ടാമത്തെ മിസൈല്‍ പരീക്ഷണവും നടത്തിയിട്ടുണ്ട്. 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മിസൈല്‍ ഇന്ത്യക്കു മുന്നറിയിപ്പാണെന്ന നിലയിലാണു രാജ്യാന്തര സമൂഹം പരിഗണിക്കുന്നത്. ഇതിനു മുമ്പ് മേയ് മൂന്നിന് 450 കിലോമീറ്റര്‍ റേഞ്ചുള്ള മറ്റൊരു മിസൈലും പരീക്ഷിച്ചിരുന്നു.

Back to top button
error: