Breaking NewsIndiaLead NewsNEWSpolitics

ആരോപണങ്ങള്‍ വ്യക്തിപരം, ബിജെപിക്കു ബന്ധമില്ല: ജുഡീഷ്യറി ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ തൂണെന്നും ജെ.പി. നഡ്ഡ: എംപിമാരുടെ വിമര്‍ശനങ്ങള്‍ തള്ളി; ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സുപ്രീം കോടതിക്കെതിരെ പാര്‍ട്ടി അംഗങ്ങളുടെ വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞു ബിജെപി. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശര്‍മ എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളെയാണ് ബിജെപി തള്ളിയത്. ഇരുവരുടെയും പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കിയ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുനേതാക്കള്‍ക്കും നിര്‍ദേശം നല്‍കി. രാജ്യത്ത് മതസംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് സുപ്രീംകോടതിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം നിഷികാന്ത് ദുബേ നടത്തിയ പരാമര്‍ശം.

‘ജുഡീഷ്യറിയെയും രാജ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും കുറിച്ച് ബിജെപി എംപി നിഷികാന്ത് ദുബേയും ദിനേഷ് ശര്‍മയും നടത്തിയ പരാമര്‍ശങ്ങളുമായി ബിജെപിക്ക് ബന്ധമില്ല. ഇവ വ്യക്തിപരമായ പരാമര്‍ശങ്ങളാണ്. എന്നാല്‍ ബിജെപി ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇല്ല. ഇത്തരം പരാമര്‍ശങ്ങളെ ബിജെപി തള്ളിക്കളയുന്നു. ബിജെപി എന്നും ജുഡീഷ്യറിയെ ബഹുമാനിക്കുകയും അതിന്റെ നിര്‍ദേശങ്ങളും വിധികളും പൂര്‍ണമനസോടെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ കോടതികളും നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും ഭരണഘടനയെ താങ്ങിനിര്‍ത്തുന്ന ശക്തമായ തൂണുമാണെന്ന് ബിജെപി വിശ്വസിക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ആ നേതാക്കളോടും മറ്റുള്ളവരോടും നിര്‍ദേശം നല്‍കിയിട്ടുണ്ട്’ നഡ്ഡ സമൂഹമാധ്യമത്തില്‍ പറഞ്ഞു.

Signature-ad

സുപ്രീംകോടതി പരിധി വിടുകയാണെന്നും കോടതി നിയമങ്ങളുണ്ടാക്കാന്‍ തുടങ്ങുകയാണെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചിടാമെന്നുമാണ് ദുബേ പറഞ്ഞത്. ”രാഷ്ട്രപതിയാണ് ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്. പാര്‍ലമെന്റാണ് രാജ്യത്തെ നിയമങ്ങളുണ്ടാക്കുന്നത്. നിങ്ങളിപ്പോള്‍ പാര്‍ലമെന്റിനോട് ആജ്ഞാപിക്കുകയാണോ? നിങ്ങളെങ്ങനെയാണ് പുതിയ നിയമങ്ങളുണ്ടാക്കുന്നത്? രാഷ്ട്രപതി മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്? നിങ്ങള്‍ ഈ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കാനാണോ ആഗ്രഹിക്കുന്നത് ? പാര്‍ലമെന്റ് കൂടുമ്പോള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച വേണം”ദുബേ പറഞ്ഞു. ബില്ലുകള്‍ പാസാക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു വിമര്‍ശനം.

എന്നാല്‍, കോടതിവിധകളെ വിമര്‍ശിക്കാമെങ്കിലും കോടതി നടപടികളെ വിമര്‍ശിക്കുന്ന ഭാവിയില്‍ തിരിച്ചടിയുണ്ടാക്കുമെന്ന സംശയവും ബിജെപിക്കുണ്ട്. രാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ക്കെതിരായ വിധിയില്‍ അപ്പീല്‍, വഖഫ് നിയമത്തിലെ നടപടികള്‍ എന്നിവ കോടതിയില്‍ തുടരേണ്ടതുണ്ട്. ഈസമയത്തു കോടിയില്‍നിന്നുവരുന്ന പരാമര്‍ശങ്ങള്‍ പോലും പ്രതിപക്ഷം ആയുധമാക്കുമെന്നതും ബിജെപിയെ ജാഗ്രത്താക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: