‘തെറ്റുകളുടെ മുകളില്‍ വീണ്ടും തെറ്റുകള്‍: ഞങ്ങളെ സമ്മര്‍ദത്തിലാക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ശരിയായ മാര്‍ഗമല്ല’; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന; തീരുവ ഉയര്‍ത്തല്‍ ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കും തിരിച്ചടി

വാഷിങ്ടന്‍: യുഎസിനെതിരായ ആസൂത്രിതമായ പ്രതിരോധ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും അധികമായി 50 ശതമാനം തീരുവ കൂടി ചുമത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്.
”ഞങ്ങളെ സമ്മര്‍ദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ മര്‍ഗമല്ലെന്ന് ഒട്ടേറെ തവണ ആവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയമാനുസൃത അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുക തന്നെ ചെയ്യും,”യുഎസിലെ ചൈനീസ് എംബസി വക്താവ് ലിയു പെങ്യു എഎഫ്പിയോട് പറഞ്ഞു. ചൈനീസ് ഇറക്കുമതിക്ക് 50 ശതമാനം പുതിയ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് മുന്നോട്ട് പോയാല്‍ യുഎസിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ചൈന വ്യക്തമാക്കി. സ്വന്തം അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ യുഎസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്നും ചൈനീസ് വക്താവ് സൂചിപ്പിച്ചു.
യുഎസിന്റെ പകരം തീരുവകള്‍ ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം കുറ്റപ്പെടുത്തി. ”ചൈന സ്വീകരിച്ച പ്രതിരോധ നടപടികള്‍ രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വികസന താല്‍പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും രാജ്യാന്തര വ്യാപാര ക്രമം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു. അവ പൂര്‍ണമായും നിയമാനുസൃതമാണ്. ചൈനയ്ക്കുള്ള തീരുവ വര്‍ധിപ്പിക്കുമെന്ന യുഎസ് ഭീഷണി ഒരു തെറ്റിനു മുകളില്‍ മറ്റൊരു തെറ്റ് ചെയ്യലാണ്. ചൈന ഒരിക്കലും ഇത് അംഗീകരിക്കില്ല. യുഎസ് പ്രതികാര നടപടികളില്‍ ഉറച്ചുനിന്നാല്‍ ചൈന അതിനെതിരെ അവസാനം വരെ പോരാടും,” ചൈനീസ് മന്ത്രാലയം അറിയിച്ചു.
ചൈനയ്ക്കുമേല്‍ 50% വരെ തീരുവ ഏര്‍പ്പെടുത്തുമെന്നു കഴിഞ്ഞ ദിവസമാണ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയത്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച തീരുവകള്‍ക്കെതിരെ ചൈന പ്രതികാര നടപടികള്‍ എടുത്തതിനു പിന്നാലെയാണ് ഈ താക്കീത്. പ്രഖ്യാപിച്ച പകരംതീരുവ 90 ദിവസത്തേക്കു മരവിപ്പിക്കുമെന്ന പ്രചാരണം വ്യാജമാണെന്നും അത്തരമൊരു നടപടിയില്ലെന്നും വൈറ്റ്ഹൗസ് അധികൃതര്‍ അറിയിച്ചു
അതേസമയം, ട്രംപിന്റെ തീരുവ വര്‍ധിപ്പിക്കല്‍ ഇന്ത്യയില്‍നിന്നു തൊഴില്‍ സ്വപ്‌നവുമായി അമേരിക്കയിലെത്തുന്നവര്‍ക്കും വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. യൂറോപ്യന്‍ യൂണിയനുമായുള്ള തര്‍ക്കങ്ങള്‍ നേരത്തെതന്നെ തൊഴില്‍ മേഖലയെ അടിമുടി ഉലച്ചിരുന്നു. പുതിയ നിയമനങ്ങള്‍ നടക്കുന്നില്ലെന്നും ഉള്ളവരെ ഒഴിവാക്കുന്നതും ഏറ്റവും കൂടുതല്‍ ബാധിക്കുക കുടിയേറ്റക്കാരെയാണ്. പഠനത്തിനൊപ്പം ജോലിയെന്ന ആകര്‍ഷണത്തില്‍ എത്തിയവരും കടുത്ത ആശങ്കയിലാണ്. ട്രംപിന്റെ നയത്തില്‍ ചോക്ലേറ്റുമുതല്‍ സകല ഉത്പന്നങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇത് ആളുകളുടെ കുടംബ ബജറ്റിനെ ബാധിച്ചതോടെ ആയിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവില്‍ ഇറങ്ങിയത്.






