മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറഞ്ഞു. രാഷ്ട്രീയ കക്ഷികൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ പരിഗണിച്ച ശേഷം തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തുന്നതിന് തിരുവനന്തപുരത്തെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടു ദിവസമായി വിവിധ വിഭാഗങ്ങളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.
വിഷു, ഈസ്റ്റർ, റംസാൻ തുടങ്ങി വിവിധ ആഘോഷങ്ങളും പരീക്ഷകളും കണക്കിലെടുത്താവും തീയതി നിശ്ചയിക്കുക. കേന്ദ്ര സേനകളുടെ ലഭ്യതയും പരിഗണിക്കും. രാഷ്ട്രീയ കക്ഷികളുമായി നടത്തിയ ചർച്ചയിൽ നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. നിഷ്പക്ഷവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യം. വോട്ടെടുപ്പ് സമയം നീട്ടണമെന്ന നിർദ്ദേശം പരിഗണനയിലുണ്ട്. തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം വോട്ടെടുപ്പ് സമയക്രമവും അറിയിക്കും. എല്ലാ പോളിംഗ് ബൂത്തുകളും താഴത്തെ നിലയിൽ ക്രമീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഓക്‌സിലറി ബൂത്തുകളടക്കം 40,000ത്തോളം പോളിംഗ് ബൂത്തുകളാവും കേരളത്തിൽ ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഇതിനുള്ള മാർഗനിർദ്ദേശം കമ്മീഷൻ നൽകിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യമനുസരിച്ച് ഇതിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് വരുത്താവുന്നതാണ്. കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് ബിഹാർ തിരഞ്ഞെടുപ്പ് നടത്താനായി. കേരളത്തിലും ഇത് സാധ്യമാകും.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ ഫീസ് ഈടാക്കുന്നുവെന്ന പരാതി രാഷ്ട്രീയ കക്ഷികൾ ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തി.
മുഴുവൻ പോളിംഗ് ഉദ്യോഗസ്ഥർക്കും കോവിഡ് 19 കിറ്റ് നൽകുകയും മുന്നണിപ്പോരാളികളായി കണക്കാക്കി വാക്‌സിൻ നൽകുകയും ചെയ്യും. കോവിഡ് മാനദണ്ഡം പാലിച്ചുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു.
80 വയസു കഴിഞ്ഞവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടാവും. കോവിഡ് പോസിറ്റീവ് ആയവർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം.
വോട്ടർപട്ടിക സംബന്ധിച്ച പരാതികൾ രാഷ്ട്രീയ കക്ഷികൾക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയിൽ കൊണ്ടുവരാം. തിരഞ്ഞെടുപ്പ് നടപടികളിൽ പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയും സസ്‌പെൻഡ് ചെയ്യുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗവും ചില മാധ്യമങ്ങളുടെ പക്ഷമാതിത്വവും ഒഴിവാക്കാൻ നടപടി വേണമെന്ന് രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.