Lead NewsNEWS

ഇടതുമായി സഖ്യം, മമതയുമായി ധാരണ, ബിജെപിയെ പ്രതിരോധിക്കൽ, ബംഗാളിലെ രാഹുൽഗാന്ധിയുടെ ചിന്ത ഇങ്ങനെ-വീഡിയോ

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുൽഗാന്ധി തമിഴ്നാട്ടിൽ രണ്ടുതവണ സന്ദർശനം നടത്തി. ഒരുതവണ അസമിൽ പോയി. തീർച്ചയായും കേരളത്തിൽ വന്നു. എന്നാൽ ബംഗാളിൽ ഇതുവരെ പോയില്ല.

Signature-ad

ഒരേ സമയം രണ്ടു തോണിയിൽ സഞ്ചരിക്കരുത് എന്ന് പറയാറുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ അതൊരു മെയ്‌വഴക്കമാണ് . കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ്, സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫുമായി ആണ് ഏറ്റുമുട്ടുന്നത്. ബംഗാളിൽ ആകട്ടെ ഇരുകക്ഷികളും ഭായ് ഭായ്. ഫെബ്രുവരി 28നു ബംഗാളിൽ നടക്കുന്ന ഇടത് റാലിയിലേക്ക് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ക്ഷണിച്ചിരിക്കുകയാണ്. എന്നാൽ എന്തുചെയ്യണമെന്ന് ഇരുവരും ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഒരു മാർഗ്ഗം കോൺഗ്രസ് ആലോചിക്കുന്നത് പ്രിയങ്കഗാന്ധിയെ ബംഗാളിലേക്ക് വിടുക എന്നതാണ്. രാഹുൽ തൽക്കാലം കണ്ടിരിക്കുക. ബംഗാളിൽ ഇടതുമായി രാഹുൽഗാന്ധി വേദി പങ്കിട്ടാൽ അത് കേരളത്തിലെ ജയസാധ്യതയെ ബാധിക്കുമോ എന്നുള്ള സംശയം കോൺഗ്രസിനുണ്ട്. അമേത്തിയിൽ തോറ്റ ആളാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച മണ്ഡലമുള്ള കേരളം കൈവിട്ടുപോയാൽ ദേശീയതലത്തിൽ തങ്ങളുടെ നേതാവിന് ക്ഷീണം ആകുമെന്ന് കോൺഗ്രസ് കരുതുന്നു. ബിജെപിയുടെ ശക്തമായ ആക്രമണങ്ങൾക്ക് ഇത് കാരണമാകും.

മറ്റൊരു ആശയക്കുഴപ്പം നില നിൽക്കുന്നത് തൃണമൂൽ കോൺഗ്രസിന്റെ കാര്യത്തിലാണ്. കോൺഗ്രസ് അതി ശക്തമായ പ്രചാരണം നടത്തിയാൽ ത്രികോണ മത്സരം നിലനിൽക്കുന്ന ബംഗാളിൽ അത് ബിജെപിയെ സഹായിക്കുകയേയുള്ളൂ എന്ന് ഒരു വിഭാഗം കരുതുന്നു. തൃണമൂലും കോൺഗ്രസും തമ്മിൽ ബംഗാളിൽ സ്നേഹം ഒന്നുമില്ല. പ്രത്യേകിച്ച് മമതാ ബാനർജിയുടെ കടുത്ത വിമർശകനായ അധീർ രഞ്ജൻ ചൗധരി സംസ്ഥാനത്ത് പാർട്ടിയെ നയിക്കുമ്പോൾ. മാത്രമല്ല ഇടതുമായുള്ള സഖ്യവും മമതയെ ചൊടിപ്പിച്ചിട്ടുണ്ട്. മമത പൂർണമായും ബംഗാളിൽ തോറ്റാൽ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾക്ക് തിരിച്ചുവരവ് ദുഷ്കരമാകും എന്ന് കോൺഗ്രസ്‌ കരുതുന്നു.

അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മമതയെ അല്ല ബിജെപിയെ ആണ് മുഖ്യമായും ആക്രമിക്കുക. തൃണമൂൽ കോൺഗ്രസിനോടുള്ള കോൺഗ്രസിന്റെ നിലപാട് സൂചിപ്പിക്കുന്ന ചില പരാമർശങ്ങൾ അധിർ രഞ്ജൻ ചൗധരിയിൽ നിന്ന് ഉണ്ടായി. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജ്യസഭ എംപി ദിനേശ് ത്രിവേദി രാജിവച്ചപ്പോൾ അധിർ രഞ്ജൻ ചൗധരി പറഞ്ഞത് ഇങ്ങനെയാണ്, ” ഇത് തൃണമൂലിന് നഷ്ടമല്ല. തൃണമൂൽ കോൺഗ്രസിൽ ജനപിന്തുണ ഇല്ലാത്ത ഇത്തിക്കണ്ണി ആണ് ദിനേശ് ത്രിവേദി. ” പാർട്ടിയോടുള്ള കോൺഗ്രസിന്റെ മൃദു മനോഭാവത്തെയാണ് ഇത് കാണിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് കരുതുന്നു.

കോൺഗ്രസും ഇടതുപാർട്ടികളും ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസുമായി കൈകോർക്കണം എന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് കഴിഞ്ഞദിവസം പറഞ്ഞത്. കോൺഗ്രസ് അപ്പോൾ തന്നെ തള്ളിക്കളഞ്ഞിരുന്നു എങ്കിലും കാര്യങ്ങൾ അടുക്കുമ്പോൾ ഒരു പുനർവിചിന്തനം ഉണ്ടാകുമെന്നാണ് കരുതുന്നത്. അനൗദ്യോഗികമായ ഒരു ധാരണയെങ്കിലും തൃണമൂൽ കോൺഗ്രസുമായി ഉണ്ടാകാനാണ് സാധ്യത.

ബീഹാർ കോൺഗ്രസിന് ഒരു പാഠമാണ്. ആർ ജെ ഡി യിൽ നിന്ന് വാശി പിടിച്ചു വാങ്ങിയ സീറ്റുകളിൽ തോറ്റത് മഹാസഖ്യത്തിന്റെ സാധ്യത തന്നെ ഇല്ലാതാക്കി. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ബംഗാളിൽ എല്ലാ സീറ്റുകളിലും കോൺഗ്രസ് മത്സരിക്കില്ല എന്നാണ് വിവരം.

എന്തൊക്കെ പറഞ്ഞാലും രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും പ്രധാന ശത്രു ബിജെപി തന്നെയാണ്. ബംഗാളിൽ ബിജെപി കൂടുതൽ ശക്തമായ നിലയിലേക്ക് പോവുകയാണ്. ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റാൻ കുറച്ചു വിട്ടുവീഴ്ച ചെയ്താലും കുഴപ്പമില്ല എന്ന ചിന്തയിലാണ് കോൺഗ്രസ്.

Back to top button
error: