KeralaNEWS

കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണം നഷ്ടമായെന്ന് പരാതി

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണം നഷ്ടമായെന്ന് പരാതി. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ല. മൊത്തം നാലു പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാതായതായെന്നാണ് പരാതി. കയ്യിലുണ്ടായിരുന്ന വളകളും മാലയുടെ പൊട്ടിയ ഭാഗങ്ങള്‍ കുടുംബത്തിന് ലഭിച്ചു. കുടുംബം കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞത്. മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആറ് പേരെ പ്രതിചേര്‍ത്ത് വനം വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആന പാപ്പാന്മാര്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പ്രതിചേര്‍ത്തത്. അതേസമയം, ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളായ ഗോകുലിനും പീതാംബരനും കോഴിക്കോട് ജില്ലയിലെ എഴുന്നെള്ളിപ്പില്‍ സ്ഥിരമായി നിരോധനമേര്‍പ്പെടുത്തി.

Signature-ad

ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച കേസില്‍ മണക്കുളങ്ങര ക്ഷേത്രം പ്രസിഡന്റ്, സെക്രട്ടറി എഴുന്നെള്ളിപ്പിനെത്തിച്ച ആനയുടെ പാപ്പാന്‍മാര്‍ ഉള്‍പ്പെടെ ആറ് പേരെയാണ് വനം വകുപ്പ് പ്രതിചേര്‍ത്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരവും നാട്ടാന പരിപാലന ചട്ട പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസ്. അശ്രദ്ധമായി പടക്കം പൊട്ടിച്ചു, ആനകള്‍ക്ക് ഇടചങ്ങല ഇട്ടിരുന്നില്ല എന്ന കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

തുടര്‍ച്ചയായ വെട്ടിക്കെട്ടില്‍ പ്രകോപിതനായി ഗുരുവായൂര്‍ പീതാംബരന്‍ ഗുരുവായൂര്‍ ഗോകുലിനെ കുത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ക്ഷേത്രത്തിന്റെ എഴുന്നെള്ളിപ്പ് ലൈസന്‍സും റദ്ദാക്കി. ഇതിനൊപ്പം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളായ ഗോകുലിനും പീതാംബരനും കോഴിക്കോട് ജില്ലയില്‍ നിരോധനമേര്‍പ്പെടുത്തി. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ് രണ്ട് ആനകളെയും ജില്ലയിലെ എഴുന്നള്ളിപ്പില്‍ നിന്ന് സ്ഥിരമായി വിലക്കിയത്. സംഭവത്തില്‍ വിശദമായ പരിശോധന വനം വകുപ്പും റവന്യു വകുപ്പും നടത്തുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: