
കണ്ണൂർ: മുഴപ്പിലങ്ങാട് സ്വദേശിനിയായ നഴ്സിങ് കോളജ് വിദ്യാർത്ഥിനിയെ കർണാടകയിലെ നഴ്സിങ് കോളജിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഴപ്പിലങ്ങാട് കടവ് റോഡിന് സമീപം ഗോകുലത്തിൽ വിനീത്, ഐശ്വര്യ ദമ്പതികളുടെ മകൾ അനാമികയാണ് (19) മരിച്ചത്. ബെംഗളൂരു ഹരോ ഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭക്ഷണം കഴിക്കാൻ കാണാത്തതിനെ തുടർന്ന് സഹപാഠികൾ ഹോസ്റ്റൽ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അനാമിക അടുത്തിടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് സഹപാഠികൾ പൊലിസിനു മൊഴി നൽകിയിട്ടുണ്ട്. കോളജ് അധികാരികളുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് വിദ്യാർഥികൾ കോളജിനു മുൻപിൽ പ്രതിഷേധിച്ചു.
കോളജ് അധികൃതരുടെ മാനസിക പീഡനമാണ് മരണകാരണം എന്നാരോപിച്ച് അനാമികയുടെ ബന്ധുകൾ പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിനു കേസെടുത്ത ഹരോഹള്ളി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല.






