മുംബയ്: സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുക്കാത്തതിന് മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ അതേ കയറില്‍ പിതാവും തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡില്‍ ബിലോലിയിലെ മിനാകി ഗ്രാമത്തിലാണ് സംഭവം നടന്നത്. കര്‍ഷക കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്തെ മരത്തിലാണ് മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പിന്നാലെ അതേ കയറില്‍ പിതാവും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ലാത്തൂരില്‍ പഠിക്കുന്ന ഓംകാരയും സഹോദരങ്ങളും മകരസംക്രാന്തി ലീവിന് നാട്ടിലെത്തിയതായിരുന്നു. പഠനത്തിനായി സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് ഓംകാര്‍ കര്‍ഷകനായ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് പിതാവ് ഫോണ്‍ വാങ്ങി നല്‍കിയില്ല. വാഹനത്തിനും കൃഷിക്കുമെടുത്ത വായ്പ ചൂണ്ടിക്കാട്ടി ഫോണ്‍ വാങ്ങാന്‍ നിര്‍വാഹമില്ലെന്ന് പിതാവ് മകനോട് പലതവണ പറഞ്ഞു. ബുധനാഴ്ചയും ഓംകാര്‍ വീട്ടില്‍ വീണ്ടും ഫോണിന്റെ കാര്യം പറഞ്ഞു. പിന്നാലെ പിതാവ് കഴിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഓംകാര്‍ വീടുവീട്ടിറങ്ങി.
ഓംകാര്‍ കൃഷി സ്ഥലത്തേക്ക് പോയെന്നാണ് കുടുംബം കരുതിയത്. എന്നാല്‍ പിറ്റേന്ന് രാവിലെയും തിരിച്ചെത്താത്തതോടെ അന്വേഷിച്ചിറങ്ങുയായിരുന്നു. തെരച്ചിലിലാണ് കൃഷി സ്ഥലത്തെ മരക്കൊമ്പില്‍ ഓംകാറിനെ തൂങ്ങിയ നിലയില്‍ പിതാവ് കണ്ടത്. പിന്നാലെ മകന്റെ മൃതദേഹം താഴെയിറക്കി പിതാവ് അതേ കയറില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി രണ്ട് മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. ഓംകാറിന്റെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.