പത്തനംതിട്ട: കായികതാരമയ ദലിത് പെണ്‍കുട്ടിയെ അറുപതോളം പേര് പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് കൂടി പൊലീസ് കസ്റ്റഡിയില്‍. രാത്രി വൈകി പമ്പയില്‍ നിന്നാണു പ്രതികളെ പിടികൂടിയത്. 20 പേര് ഇതുവരെ കേസില്‍ അറസ്റ്റിലായി. 62 പേര് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കായികതാരമായ പെണ്‍കുട്ടിയുടെ മൊഴിയില്‍ ഇന്നും കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണു വിവരം.
അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ ഇന്നലെ പിടിയിലായിരുന്നു. പിടിയിലായവരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യകച്ചവടക്കാരായ സഹോദരങ്ങള്‍, പ്ലസ് ടു വിദ്യാര്‍ഥി എന്നിവരും അറസ്റ്റില്‍ ആയവരിലുണ്ട്. ഇന്നലെ അറസ്റ്റിലായവരില്‍ സുബിന് എന്ന യുവാവാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കള്‍ക്കു പെണ്‍കുട്ടിയെ നല്കിയെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങളും പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു തുടര്‍പീഡനങ്ങള്‍.
13 വയസ് മുതല്‍ ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു പെണ്‍കുട്ടി സിഡബ്ല്യുസിക്ക് നല്കിയ മൊഴി. ഇതില്‍ വിശദമായ അന്വേഷണം നടത്തിയ പൊലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. കായികതാരമായ പെണ്‍കുട്ടി പരിശീലന ക്യാംപിലും പീഡനത്തിന് ഇരയായിട്ടുണ്ട്. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത പെണ്‍കുട്ടി അച്ഛന്റെ മൊബൈല്‍ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണില്‍ നിന്നും ഡയറി കുറിപ്പുകളില്‍ നിന്നും ആണ് പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് കിട്ടിയത്.