കോവിഡ് കാലത്ത് ജോലിചെയ്ത താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തടയാന്‍ ശ്രമം. ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ തൊഴിലാളികളാണ് മന്ത്രിയെ തടയാന്‍ ശ്രമിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം അരങ്ങേറിയത്.ഏഴോളം പദ്ധതികളുടെ ഉദ്ഘാടനത്തിനായായിരുന്നു ആരോഗ്യമന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയത്. എന്നാല്‍ മന്ത്രിയെ കണ്ട് നേരില്‍ പരാതി നല്‍കാന്‍ മണിക്കൂറുകളോളം തൊഴിലാളികള്‍ കാത്തുനിന്നെങ്കിലും പോലീസ് അതിന് അനുവദിച്ചില്ല. തുടര്‍ന്ന് മന്ത്രി മടങ്ങവേ രണ്ടു വഴികളിലായി ഇവര്‍ തടയുകയായിരുന്നു. ഇതിനിടെ പോലീസും ജനങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. സംഭവത്തില്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ കുഴഞ്ഞുവീണു. ഇയാളെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
കോവിഡ് കാലത്ത് ജോലിചെയ്ത മുപ്പതോളം ജീവനക്കാരാണ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 102 ദിവസമായി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അടക്കം ആരും തന്നെ ഇവരെ തിരിഞ്ഞുനോക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.