വയനാട്: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് ദേശീയപാതയില്‍ ബന്ദിപ്പുര്‍ വനമേഖലയില്‍ കുടുങ്ങി മാനസികസംഘര്‍ഷം അനുഭവിച്ച കുടുംബത്തിന് രക്ഷകരായി മുഖ്യമന്ത്രിയുടെ ഓഫീസും വനംവകുപ്പ് ഉദ്യോഗസ്ഥരും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ മുത്തങ്ങയ്ക്കും ഗുണ്ടല്പ്പേട്ടിനുമിടയില് ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വിലായിരുന്നു സംഭവം.
കോഴിക്കോട് കല്ലായി അരയാന്‍തോപ്പ് കുണ്ടുങ്ങല്‍ മൊയ്തീനും കുടുംബവും ഊട്ടിയില്‍ വിനോദയാത്രകഴിഞ്ഞ് വയനാടുവഴി മടങ്ങുമ്പോളാണ് സംഭവം. ഇവര്‍ സഞ്ചരിച്ച വാഹനവും എതിരേവന്ന കര്‍ണാടക സ്വദേശികളുടെ വാഹനവും ഇടിച്ചതാണ് സംഭവത്തിന്റെ തുടക്കം.
ഇതോടെ മൊയ്തീന്റെ മകള്‍ ഗൂഗിളില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ നമ്പറെടുത്ത് വിളിച്ചു. പരിഭ്രാന്തരാകാതെയിരിക്കാനും ഉടന്‍ ആളുകള്‍ ബന്ധപ്പെടുമെന്നുമാണ് ഫോണെടുത്തയാള്‍ അറിയിച്ചത്. തൊട്ടുപിന്നാലെ കണ്ണൂരിലെ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ മൊയ്തീന്റെ മകളെ ഫോണില്‍വിളിച്ച് ആശ്വസിപ്പിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
വൈകാതെ കല്പറ്റയിലെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഹാഷിഫ് ബന്ധപ്പെട്ട് ആളുകള്‍ ഉടനെത്തുമെന്നും സമാധാനമായിരിക്കാനും പറഞ്ഞു. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥന് സന്ദീപ് റാവുവും ബന്ധപ്പെട്ടു. ഇതോടെ ഫോറസ്റ്റ് ഓഫീസിന്റെ അകത്തേക്ക് എല്ലാവരെയും കയറ്റിയിരുത്തി.
ആറരയോടെ മുത്തങ്ങയില്‍നിന്ന് പോലീസും വനം ഉദ്യോഗസ്ഥരും വാഹനവുമായെത്തി മൊയ്തീന്റെ രണ്ട് ആണ്മക്കള് ഒഴികെയുള്ളവരെ മുത്തങ്ങയിലേക്ക് കൊണ്ടുപോയി. അവിടെ തത്കാല താമസമടക്കമുള്ളവ ഒരുക്കിനല്കി. ഇതിനിടെ, മുന്‍മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ബന്ധപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ ചില ആളുകളും ഗുണ്ടല്പ്പേട്ടില്നിന്നെത്തി.
കര്‍ണാടക സ്വദേശികളുടെയും ചിലരെത്തി. തുടര്‍ന്ന് ഗുണ്ടല്‍പ്പേട്ട് പോലീസ് സ്റ്റേഷനില്‍വെച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കി. ഈസമയമത്രയും മൊയ്തീനെയും കുടുംബത്തെയും കെ.എസ്. ദീപയും കെ. ഹാഷിഫും ബന്ധപ്പെടുകയും അവര്‍ സുരക്ഷിതമല്ലേയെന്ന് അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തതായി മൊയ്തീന്റെ മകള്‍ പറഞ്ഞു.
ഭീഷണിയും പരിഹാസവും നിറഞ്ഞതായിരുന്നു കര്‍ണാടക സ്വദേശികളുടെ പെരുമാറ്റമെന്നും ഇനിയാര്‍ക്കെങ്കിലും ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നത് നല്ലതാണെന്നും മകള്‍ പറഞ്ഞു. സമയോചിതമായി ഇടപെട്ട് കൊടുംകാട്ടില്‍ ഭാഷയുമറിയാതെ മാനസികസംഘര്‍ഷത്തിലായ തങ്ങള്‍ക്ക് എല്ലാ പിന്തുണയുംനല്കിയ സംസ്ഥാനസര്‍ക്കാരിന് നന്ദിപറയുകയാണ് മൊയ്തീന്റെ കുടുംബം.