രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കുറുകൾ മാത്രം. വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലും രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. ഒരു മണിക്കുറിനകം ആദ്യ ഫല സൂചനകൾ പുറത്തുവരും. 10 മണിയോടെ വിജയികൾ ആര് എന്നതിൽ വ്യക്തത ലഭിക്കും.
ആദ്യം എണ്ണുന്നത് പോസ്റ്റല്‍ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. .
ഭരണവിരുദ്ധവികാരമുണ്ടെന്ന് വിശ്വസിക്കുന്ന യുഡിഎഫ്, സമകാലിക രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 3 മണ്ഡലങ്ങളിലും ജയിക്കാനാകും എന്ന ആത്മവിശ്വാസത്തിലാണ്. പോളിങ് കുറഞ്ഞ വയനാട്ടില്‍ പോലും പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 4 ലക്ഷം എത്തും എന്ന് അവകാശപ്പെടുന്നു യുഡിഎഫ്. പക്ഷേ യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. മണ്ഡലത്തിലെ ഏറ്റവും മെച്ചപ്പെട്ട വോട്ട് ഇത്തവണ നേടുമെന്നാണ് എൻഡിഎ ക്യാമ്പിന്റെ പ്രതീക്ഷ
ചേലക്കര നിലനിർത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ഇടത് കോട്ടയായ ചേലക്കരയിൽ ഇത്തവണ യുഡിഎഫ് ജയിച്ചാല്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും. ജയം തുടര്‍ന്നാല്‍ എൽഡിഎഫിന് പിടിച്ച് നിൽക്കാം. വോട്ട് കൂട്ടിയാല്‍ ബിജെപിക്ക് പറഞ്ഞു നില്ക്കാം.
പാലക്കാട് സി.കൃഷ്ണകുമാറിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ് ബിജെപി പ്രവർത്തകർ. തങ്ങളുടെ വോട്ടുകളെല്ലാം കൃത്യമായി പെട്ടിയിലാക്കിയിട്ടുണ്ടെന്നാണ് മുന്നണികളുടെ കണക്കുനിരത്തിയുള്ള അവകാശവാദം. 12000 വോട്ടുകൾക്ക് വരെ ജയിക്കും എന്നാണ് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ അവകാശപ്പെടുന്നത്.