കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഓഡിയോ വിഷ്വൽ പരിപാടികളും പ്രദർശനങ്ങളും ഷോകളും ബാലവേല നിരോധന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ നടത്താവൂ എന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. ഒരു സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന ഷോയുമായി ബന്ധപ്പെട്ട പരാതി തീർക്കുകയായിരുന്നു കമ്മീഷൻ അംഗങ്ങളായ ഫാദർ ഫിലിപ്പ് പരക്കാട്ട്, കെ.നസീർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്.
കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന സമാനമായ എല്ലാ ഓഡിയോ-വീഡിയോ ഷോകൾക്കും ഉത്തരവ് ബാധകമാണ്. ബാലവേല നിയമം അനുസരിച്ച് ഇത്തരം പരിപാടികൾക്ക് ജില്ലാ മജിസ്ട്രേറ്റിന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങിയിരിക്കണം. എത്ര കുട്ടികൾ പങ്കെടുക്കുന്നുവെന്ന വിവരവും രക്ഷിതാക്കളുടെ സമ്മതപത്രവും ജില്ലാ മജിസ്ട്രേറ്റിനു സമർപ്പിച്ചിരിക്കണം. കലാകാരന്മാരായ കുട്ടികളെ ദിവസം അഞ്ച് മണിക്കൂറോ തുടർച്ചയായി മൂന്നു മണിക്കൂറിലധികമോ ഷോയിൽ പങ്കെടുപ്പിച്ചു കൂടാ. കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരിക്കണം. കുട്ടികളുടെ ശാരീരിക-മാനസിക ഉല്ലാസത്തിനുള്ള സാഹചര്യങ്ങളും പോഷകാഹാരങ്ങളും കുട്ടികൾക്ക് നൽകിയിരിക്കണം. സുരക്ഷിതവും ശുചിത്വമുള്ള താമസസൗകര്യം ലഭ്യമാക്കണം.
ബാലാവകാശ നിയമങ്ങളും വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങളും ഉറപ്പുവരുത്തണം. കുട്ടിക്ക് ലഭിക്കുന്ന വരുമാനത്തിൽ 20 ശതമാനത്തിൽ കുറയാതെ ദേശസാൽകൃത ബാങ്കിൽ നിക്ഷേപിക്കണം. പ്രായപൂർത്തിയാകുന്ന മുറയ്ക്ക് തുക കുട്ടിക്ക് ലഭ്യമാക്കണം. കുട്ടിയുടെ താൽപര്യത്തിന് എതിരായി കലാ പ്രകടനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്. കുട്ടികളുടെ സുരക്ഷിതത്വത്തിന് അഞ്ചുപേർക്ക് ഒരാളെ സ്ഥലത്ത് നിയോഗിക്കണം. ഇക്കാര്യങ്ങള്‍ സംസ്ഥാനത്ത് കൃത്യമായി പാലിക്കണമെന്ന് ലേബർ കമ്മീഷണർ ജില്ലാ ലേബർ ഓഫീസർമാർക്ക് നിർദ്ദേശം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.