ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ സുരേഷ്‌ഗോപി തല്‍ക്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. തൃശൂര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ്‌ഗോപി ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ്‌ഗോപിയുടെ സിനിമാഭിനയവുമായി ബന്ധപ്പെട്ട് അനുകൂല നിലാപാടല്ല സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഏറ്റെടുത്ത സിനിമകള്‍ തുടരാനാകില്ലെന്ന പ്രതിസന്ധിയിലാണ് സുരേഷ്‌ഗോപി.
സുരേഷ്‌ഗോപിയുടെ പുതിയ രൂപത്തിലുളള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തന്റെ പുതിയ ചിത്രമായ ഒറ്റക്കൊമ്പനായി വളര്‍ത്തിയ താടി വടിച്ചിട്ടുളള ചിത്രങ്ങളാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സുരേഷ് ഗോപി മുന്‍പ് പറഞ്ഞിരുന്നത്. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമായിട്ടാണ് ഇത് നേരത്തെ പ്രഖ്യാപിച്ചത്. താടി വടിച്ചതോടെ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
കേന്ദ്രമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ പെരുമാറ്റച്ചട്ടപ്രകാരം സാദ്ധ്യമല്ലെന്ന് മുന്‍പ് ലോക്സഭാ മുന്‍ ജനറല്‍ സെക്രട്ടറി പി ഡി ടി ആചാരി ഒരു മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. മുഴുവന്‍ സമയ ജോലിയായിട്ടാണ് മന്ത്രിപദത്തെ കാണേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതോടെ സുരേഷ്‌ഗോപി ഏറ്റെടുത്ത സിനിമകള്‍ തുടര്‍ന്നേക്കില്ലന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കേന്ദ്രത്തിന്റെ തീരുമാനത്തില്‍ സഹമന്ത്രി ഇതുവരെയായിട്ടും പ്രതികരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.