KeralaNEWS

അമ്മ മരിച്ചപ്പോള്‍ പോലും കാണാന്‍ വന്നില്ല; പാലക്കാട്ടേക്ക് പ്രചാരണത്തിനില്ല: കൃഷ്ണകുമാറിനെതിരേ തുറന്നടിച്ച് സന്ദീപ് വാരിയര്‍

പാലക്കാട്: അപമാനം നേരിട്ട പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയര്‍. യുവമോര്‍ച്ചയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ വാദം ശരിയല്ല. തന്റെ അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ കാണാന്‍ വന്നില്ല. താന്‍ സംസ്ഥാന ഭാരവാഹിയായി ഇരിക്കുന്ന കാലമായിട്ടും, തന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും ആരും വച്ചില്ല എന്നത് മറന്നുപോകരുതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ സന്ദീപ് വ്യക്തമാക്കി.

സമൂഹമാധ്യമത്തിലെ കുറിപ്പിന്റെ പ്രസക്തഭാഗങ്ങള്‍:

Signature-ad

” ഈ അവസരത്തില്‍ കാര്യങ്ങള്‍ മുഴുവന്‍ തുറന്നു പറയാന്‍ ഞാന്‍ തയാറല്ല. പ്രിയ സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍. കൃഷ്ണകുമാര്‍ ഏട്ടന്‍ ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോര്‍ച്ച കാലം മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതാണെന്ന്. ഏട്ടാ, നമ്മള്‍ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല.

ഏട്ടന്‍ എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ? എന്റെ അമ്മ രണ്ടു വര്‍ഷം മുന്‍പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍, അന്ന് ഞാന്‍ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. എന്റെ അമ്മ എന്നത് പോട്ടെ, സംഘപ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം നിര്‍മിക്കാന്‍ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയില്‍ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നല്‍കിയ ഒരു അമ്മ, മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല”.

” ഇന്ന് നിങ്ങളുടെ എതിര്‍ സ്ഥാനാര്‍ഥിയായ ഡോക്ടര്‍ സരിന്‍ എന്റെ വീട്ടില്‍ ഓടി വന്നിരുന്നു. ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എ.എ.റഹീം, ബിആര്‍എം ഷഫീര്‍, വി.ടി.ബല്‍റാം, മുകേഷ് എംഎല്‍എ തുടങ്ങി എതിര്‍പക്ഷത്തുള്ളവര്‍ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ ഒരു ഫോണ്‍കോളില്‍ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങള്‍ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്‌നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളിലായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെക്കുറിച്ചൊന്നും എനിക്ക് വിഷമമില്ല. എന്നെ കൂടുതല്‍ സ്‌നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ ”.

” സന്ദീപ് വാരിയര്‍ മാറിനില്‍ക്കരുത് എന്ന് നിങ്ങള്‍ പുറത്തേക്ക് പറയുമ്പോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തില്‍ ഒന്ന് സംസാരിക്കാന്‍ ഒരാള്‍ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതല്‍ ഒന്നും പറയാനില്ല. കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. എന്നാല്‍ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല ”.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: