ശ്രീനഗര്‍: ഭീകരരെ കൊലപ്പെടുത്തുകയല്ല ജീവനോടെ പിടികൂടുകയാണ് വേണ്ടതെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ പരാമര്‍ശം വിവാദത്തില്‍. ഭീകരരെ പിടികൂടി ജമ്മു കശ്മീരില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കു പിറകിലെ ആസൂത്രകന്‍ ആരാണെന്ന് കണ്ടെത്തുകയാണ് വേണ്ടതെന്നാണ് ഫാറൂഖ് അബ്ദുല്ല അഭിപ്രായപ്പെട്ടത്. ബുദ്ഗാമിലെ ഭീകരാക്രമണത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
”ഇക്കാര്യം അന്വേഷിക്കണം. സര്‍ക്കാര്‍ അധികാരത്തിലെത്തിയതും എങ്ങനെയാണ് ഇതെല്ലാം സംഭവിക്കുന്നത്? സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ് ഇതിനുപിറകിലെന്ന് ഞാന്‍ സംശയിക്കുന്നു. അവരെ പിടികൂടിയാല്‍ മാത്രമേ ഇതിനുപിറകില്‍ ആരാണെന്ന വ്യക്തമായ ചിത്രം ലഭിക്കൂ. അവരെ വധിക്കരുത്, പിടികൂടി ആരാണ് പിറകിലെന്ന് ചോദ്യം ചെയ്യണം. ഒമര്‍ അബ്ദുല്ലയെ അസ്ഥിരപ്പെടുത്താനാണോ ശ്രമമെന്ന് മനസ്സിലാക്കണം.” – ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഫാറൂഖിന്റെ അഭിപ്രായങ്ങളെ പിന്തുണച്ച് ശരദ് പവാറും രംഗത്തെത്തി. ഫാറൂഖിനെ പോലെ കശ്മീരിനെ വര്‍ഷങ്ങളായി അറിയുന്ന മുതിര്‍ന്ന നേതാവ് പറയുന്ന കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നാണ് ശരദ് പവാര്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഫാറൂഖിനെ എതിര്‍ത്ത് ബിജെപി നേതാവ് രവീന്ദര്‍ റെയ്ന രംഗത്തെത്തി. ”ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഫറൂഖ് അബ്ദുല്ലയ്ക്ക് അറിയാം. അത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. എല്ലാവര്ക്കും അറിയുന്ന ഒരു വിഷയത്തില്‍ എന്ത് അന്വേഷണമാണ് നടത്തേണ്ടത്. പാക്കിസ്ഥാനും അവര്‍ പിന്തുണയ്ക്കുന്ന ഭീകരസംഘടനകളുമാണ് ഇതിനുപിന്നില്‍. നാം സൈന്യത്തെയും പൊലീസുകാരെയും സുരക്ഷാസേനയെയും പിന്തുണയ്ക്കുകയാണ് വേണ്ടത്. മാനവരാശിയ്ക്കാകെ ശത്രുവാകുന്നവര്ക്കെതിരെ നാം ഒറ്റക്കെട്ടായി പോരാടണം.” അദ്ദേഹം പറഞ്ഞു.