തിരുവനന്തപുരം: ഇടതുപക്ഷത്തെ എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ അന്വേഷണത്തിന് എന്‍സിപി. നാലംഗ കമ്മീഷനെ എന്‍സിപി നേതൃത്വം നിയോഗിച്ചു. പി എം സുരേഷ് ബാബു, ലതിക സുഭാഷ്, കെ ആര് രാജന്, ജോബ് കാട്ടൂര്‍ എന്നിവരാണ് കമ്മിഷന് അംഗങ്ങള്‍.
ആരോപണം അന്വേഷിച്ച് 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൂറുമാറ്റത്തിന് എല്‍ഡിഎഫ് എംഎല്‍എമാരായ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ.തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.
എംഎല്‍എമാരെ അജിത് പവാറിന്റെ എന്‍സിപി വഴി ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് തോമസ് കെ തോമസിന് നേരെ ഉയര്‍ന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് മന്ത്രി സ്ഥാനം നല്‍കാത്തതു സംബന്ധിച്ച വിശദീകരിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.