KeralaNEWS

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; പതിനെട്ടാം പടി കയറാനുള്ള നിര ശരംകുത്തി വരെ

പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ നീളുന്നു. 11 മണിക്കൂറുകളോളം കാത്തു നിന്നാണ് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്നത്. മാസപൂജ സമയത്ത് ഇത്ര അധികം തിരക്കുണ്ടാവുന്നത് ആദ്യമായാണ്. ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ എത്തുമ്പോള്‍ അതിനുള്ള അടിസ്ഥാന സൗകര്യം സന്നിധാനത്ത് ഒരുക്കിയിട്ടില്ലെന്നതാണ് ആക്ഷേപം.

പതിനെട്ടാംപടി കയറാന്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്ന തീര്‍ഥാടകര്‍ക്ക് ചുക്കു വെള്ളം കൊടുക്കാന്‍ വലിയ നടപ്പന്തലില്‍ മാത്രമാണ് ദേവസ്വം ബോര്‍ഡ് ക്രമീകരണം ചെയ്തിട്ടുള്ളത്. സന്നിധാനത്തിലെ ശബരി ഗസ്റ്റ് ഹൗസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പില്‍ഗ്രീം സെന്ററുകള്‍ എന്നിവയില്‍ തീര്‍ഥാടന അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സന്നിധാനത്ത് താമസ സൗകര്യവും കുറവാണ്.

Signature-ad

അതേസമയം തിരക്കു നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലീസില്ലെന്ന ആക്ഷേപവുമുണ്ട്. 170 പൊലീസുകാരാണ് ആകെ സന്നിധാനത്തുള്ളത്. മൂന്ന് ഷിഫ്റ്റായിട്ടാണ് ഇവര്‍ക്ക് ഡ്യൂട്ടി. മിനിറ്റില്‍ 85 മുതല്‍ 90 പേരെ വരെ പതിനെട്ടാംപടി കയറ്റിയാലേ തിരക്കു കുറയ്ക്കാന്‍ കഴിയൂ. പൊലീസിന് അതിനു കഴിയുന്നില്ല. ഒരു മിനിറ്റില്‍ പരമാവധി 50 മുതല്‍ 52 പേര്‍ വരെയാണ് നിലവില്‍ പടികയറുന്നത്.

ഇതിനിടെ നടപ്പന്തലില്‍ വരി നില്‍ക്കാതെ പതിനെട്ടാംപടിക്കു താഴെ ബാരിക്കേഡിനു പുറത്ത് തിക്കും തിരക്കും കൂട്ടുന്നവരും ഏറെയാണ്. വാവരു നട, അഴിയുടെ ഭാഗം, മഹാ കാണിക്ക എന്നിവിടങ്ങളിലാണ് നിയന്ത്രണമില്ലാതെ തിക്കും തിരക്കും കൂട്ടുന്നത്.

 

Back to top button
error: