CrimeNEWS

സിനിമാജീവനക്കാരെ ലോഡ്ജ് മുറിയില്‍ കയറി ആക്രമിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

ഇടുക്കി: തൊടുപുഴയിലെ ലോഡ്ജില്‍ താമസിച്ചിരുന്ന സിനിമാ പ്രവര്‍ത്തകരെ സംഘടിച്ചെത്തിയവര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. സിനിമാ ചിത്രീകരണത്തിന് മുന്നോടിയായി സെറ്റിടുന്നതിനെത്തിയ മൂന്ന് ആര്‍ട്ട് വര്‍ക്ക് ജീവനക്കാരാണ് ഞായറാഴ്ച രാത്രി ആക്രമണത്തിനിരയായത്.

കോഴിക്കോട് സ്വദേശി റെജില്‍, തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ജയസേനന്‍ തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സതേടി. തൊടുപുഴ സ്വദേശിയായ ചരക്കുവാഹനത്തിന്റെ ഡ്രൈവറുമായുണ്ടായ വാക്കുതര്‍ക്കമാണ് അതിക്രമത്തില്‍ കലാശിച്ചത്.

Signature-ad

ചിത്രീകരണം ആരംഭിക്കുന്ന മലയാള ചലച്ചിത്രത്തിന് സെറ്റ് ഇടുന്നതിനായി ആറുപേരാണ് ഒരാഴ്ചമുമ്പ് തൊടുപുഴയിലെത്തിയത്. സംഘം രണ്ട് ലോഡ്ജുകളിലായായിരുന്നു താമസം. ഇതില്‍ തൊടുപുഴ ഗവ.ബോയ്സ് സ്‌കൂളിന് സമീപത്തെ ലോഡ്ജില്‍ താമസിച്ചിരുന്നവര്‍ക്കാണ് മര്‍ദനമേറ്റത്. അര്‍ധരാത്രിയില്‍ റൂമിനുള്ളില്‍ അതിക്രമിച്ചുകയറിയ 20-ഓളം പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന തങ്ങളെ വിളിച്ചുണര്‍ത്തിയാണ് ആക്രമിച്ചത്. പല സംഘങ്ങളായി തിരിഞ്ഞാണ് അക്രമികള്‍ മുറിക്കുള്ളില്‍ അതിക്രമിച്ചുകയറിയതെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: