IndiaNEWS

ജാതി സെന്‍സസിന് ഉത്തരവിറക്കി തെലങ്കാന; തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ കോണ്‍ഗ്രസ്

ഹൈദരാബാദ്: സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പിലാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സര്‍ക്കാര്‍. ഇതോടെ ജാതി സെന്‍സസ് നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ആന്ധ്രപ്രദേശും ബിഹാറുമാണ് നേരത്തെ ജാതി സെന്‍സസ് ആരംഭിച്ച സംസ്ഥാനങ്ങള്‍.

വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തേണ്ടതെന്ന് ചീഫ് സെക്രട്ടറി ശാന്തി കുമാരി വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനമാണ് നടപ്പിലാക്കുന്നത്.

Signature-ad

അറുപത് ദിവസങ്ങള്‍ കൊണ്ട് സെന്‍സസ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. സര്‍വേ നടപ്പിലാക്കാനുള്ള നോഡല്‍ ഏജന്‍സിയായി സംസ്ഥാന ആസൂത്രണ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവിധ തലങ്ങളില്‍ ജനസംഖ്യാനുപാതികമായി സംവരണം ഉറപ്പുവരുത്താനും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനുമാണ് സെന്‍സസ് നടപ്പിലാക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി നാലിനാണ് സംസ്ഥാന മന്ത്രിസഭ സെന്‍സസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നത്. ഫെബ്രുവരി പതിനാലിന് നിയമസഭ ഈ വിഷയത്തില്‍ പ്രമേയം പാസാക്കിയിരുന്നു. പ്രമേയാവതരണത്തിനിടെ സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇതിലൂടെ നീതി ലഭിക്കുമെന്ന് പിന്നാക്ക വിഭാഗ വകുപ്പ് മന്ത്രി പൊന്നം പ്രഭാകര്‍ പറഞ്ഞിരുന്നു.

സെന്‍സസ് നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഹൈക്കോടതി മുന്‍ ജഡ്ജിയായ ജസ്റ്റിസ് ഷമീം അക്തറായിരുന്നു കമ്മീഷന്‍ അധ്യക്ഷന്‍.

ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസില്‍ സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാര്‍ 63.12 ശതമാനമാണെന്നും എസ്.സി വിഭാഗക്കാര്‍ 19.65 ശതമാനമാണെന്നും എസ്.ടി വിഭാഗക്കാര്‍ 1.68 ശതമാനമാണെന്നും കണ്ടെത്തിയിരുന്നു. . സംവരണേതര വിഭാഗത്തില്‍ പെടുന്ന മുന്നാക്ക വിഭാഗം 15.52 ശതമാനമാണെന്നും സര്‍വേയില്‍ കണ്ടെത്തി. വൈകാതെ സംസ്ഥാനത്തെ സംവരണം 75 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതിനെതിരായ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: