തിരുവനന്തപുരം: ഓണം ബമ്പര്‍ സമ്മാനത്തുകയായ 25 കോടി കര്‍ണാടക സ്വദേശിക്കാണെങ്കിലും, യഥാര്‍ത്ഥ കോടിപതി സംസ്ഥാന സര്‍ക്കാരാണ്. വരുമാനം 60 കോടിക്ക് മേല്‍ വരും.
500 രൂപയായിരുന്നു ഓണം ബമ്പര്‍ ടിക്കറ്റ് വില.ആകെ 71.43 ലക്ഷം ടിക്കറ്റാണ് വിറ്റത്. വിറ്റ് വരവ് മാത്രം 357.15 കോടി. ഇതില്‍ 112.5 കോടിയും കമ്മിഷനും വിഹിതവും 19.64 കോടി നടത്തിപ്പ് ചെലവും 60.71 കോടി ജി.എസ്.ടിയും നികുതിയുമായി സംസ്ഥാന സര്‍ക്കാരിനും 125.54 കോടി സമ്മാനങ്ങളായി ലോട്ടറി വാങ്ങിയവര്‍ക്കും. ബാക്കി 38.76 കോടി ലോട്ടറി വകുപ്പിന്റെ അറ്റാദായമാണ്.125.54 കോടിയുടെ സമ്മാനം നല്കുമ്പോള് അതില്‍ 55 കോടിയോളം 50 ലക്ഷത്തിന് മേലുള്ള വന്‍കിട സമ്മാനങ്ങളാണ്.
ആദായ നികുതി,സെസ് തുടങ്ങി വിവിധ ഇനങ്ങളിലായി ഇതില്‍ ഏകദേശം 24 കോടിയോളം രൂപ കേന്ദ്ര സര്‍ക്കാരിന് ലഭിക്കും. അതില്‍ 10 കോടിയോളം രൂപ സംസ്ഥാന വിഹിതമായി കിട്ടും. ഇത്തരത്തില്‍ ഓണം ബമ്പര്‍ ലോട്ടറി കച്ചവടത്തില്‍ ഏതാണ്ട് 109.47കോടി രൂപ സര്‍ക്കാരിന്റെ ഖജനാവിലെത്തും. കഴിഞ്ഞ വര്‍ഷം ലോട്ടറി വില്പനയിലൂടെ 11825 കോടിയാണ് വരുമാനം. ഈ വര്‍ഷം ആഗസ്റ്റ് വരെ 4560 കോടി ലഭിച്ചു.