Fiction

എല്ലാ പ്രതിസന്ധികളിലും ഒപ്പം നിൽക്കുന്ന ഒരാൾ: നിർഭയരായി  ജീവിക്കാന്‍ അതിനപ്പുറം മറ്റൊന്നും വേണ്ട

വെളിച്ചം

    മറ്റൊരു നാട്ടിൽ താമസിക്കുന്ന തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും തനിയെ പോയി കാണണം എന്നായിരുന്നു കുട്ടിക്കാലം മുതലേ അവന്റെ ആഗ്രഹം. ഹൈസ്‌ക്കൂളിൽ എത്തിയപ്പോള്‍ അവന്‍ തന്റെ ആഗ്രഹം വീണ്ടും മാതാപിതാക്കളെ അറിയിച്ചു. ഒടുവിൽ തനിച്ചുപോകാന്‍ അച്ഛൻ അനുവാദം നൽകി.  മുത്തച്ഛൻ്റെ നാട്ടിലേയ്ക്കു  പോകുന്ന ട്രെയിനില്‍ അച്ഛന്‍ അവനെ കയറ്റിയിരുത്തി. അവസാനം ഒരു കത്ത് മകനെ ഏൽപ്പിച്ചിട്ട്  അച്ഛന്‍ പറഞ്ഞു:

Signature-ad

“എപ്പോഴെങ്കിലും നിനക്ക് പേടി തോന്നുകയാണെങ്കില്‍ ഈ കത്ത് തുറന്ന് നോക്കുക.”

ട്രെയിന്‍ പുറപ്പെട്ടു. കുറെ ദൂരം പിന്നിട്ടപ്പോള്‍ ബോഗിയിലെ ആളുകള്‍ കുറഞ്ഞു. അപ്പോഴാണ് കണ്ടാല്‍ ഭയം തോന്നുന്ന ഒരാള്‍ ആ ബോഗിയില്‍ കയറിയത്. തൻ്റെ സമീപത്തു വന്നിരുന്ന  അയാളെ കണ്ടപ്പോൾ അവനും ഭീതി തോന്നി.  അപ്പോഴാണ് അച്ഛന്‍ നല്‍കിയ കത്തിന്റെ കാര്യം ഓര്‍മ്മവന്നത്. അവന്‍ ആ കത്ത് തുറന്ന് നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:

“നീ പേടിക്കേണ്ട, ഞാന്‍ തൊട്ടടുത്ത ബോഗിയില്‍ ഉണ്ട്…”

എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഒരാൾ കൂടെയുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ഭയമില്ലാതെ ജീവിക്കാം എന്നു തീർച്ച.
പക്ഷേ ഒരാൾ എന്നും കൂടെയുണ്ടാകുക അത്രയെളുപ്പമല്ല. സ്വന്തം മുന്‍ഗണനകള്‍ മാറ്റിവെക്കുന്നവര്‍ക്ക് മാത്രമേ മറ്റൊരാളുടെ ഒപ്പം നില്‍ക്കാന്‍ സാധിക്കൂ.

തനിക്കുകൂടി പ്രയോജനപ്പെടുമെന്ന് ഉറപ്പുള്ള ആളുകളോടൊപ്പം നില്‍ക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം.ബാധ്യത കൊണ്ടും ഒഴിവാക്കാനാവാത്തതു കൊണ്ടും ബന്ധം തുടര്‍ന്നു കൊണ്ടുപോകുന്നവരുമുണ്ട്. ഒരു പ്രതിബദ്ധതയും ഇല്ലാതിരുന്നിട്ടും കൂടെ നില്‍ക്കാന്‍ തയ്യാറാകുന്നവര്‍ ജീവിതത്തിന് ഒരു ധൈര്യമാണ്.   ഒരിക്കലും ഉപേക്ഷിക്കാത്തൊരാള്‍ കൂടെയുണ്ടെന്നതിനേക്കാള്‍ ആത്മവിശ്വാസം തരുന്ന എന്താണുള്ളത്..?

എന്നും ഒറ്റെപ്പെടുത്താത്ത ഒരാള്‍, ഒരുമിച്ചില്ലെങ്കിലും ഒപ്പമുള്ള ഒരാള്‍, ഒന്നിനെക്കുറിച്ചും പരാതിയില്ലാത്ത ഒരു സഹയാത്രികന്‍, കൊടുക്കുന്നതും വാങ്ങുന്നതും അളവുപാത്രത്തില്‍ പരിശോധിക്കാത്ത ഒരാള്‍… അങ്ങനെയൊരാള്‍ കൂടെയുണ്ടാകുന്നത് ഊര്‍ജ്ജമാണ്… അങ്ങനെയൊരാളായി മാറുന്നതും.

ശുഭദിനം ആശംസിക്കുന്നു

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: