റിപബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നടൻ ദീപ് സിദ്ധു അറസ്റ്റിൽ. സിദ്ധുവടക്കമുള്ള നാലു പേരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിയ്ക്കിടെ ആയിരുന്നു സിദ്ധുവിന്റെ നേതൃത്വത്തിൽ ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക സ്ഥാപിച്ചത്.
ദീപ് സിദ്ധുവിന്റെ നേതൃത്വത്തിൽ നടന്ന സംഭവങ്ങൾ കർഷക സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്നാണ് കർഷകർ ആരോപിക്കുന്നത്. ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയതിനു ശേഷം ഒളിവിൽ പോയ നടനെതിരെ പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിൽ ദീപ് സിദ്ധു സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
ഒളി സങ്കേതത്തിലിരുന്നു ഷൂട്ട് ചെയ്ത വീഡിയോകൾ വിദേശത്തുനിന്നാണ് അപ്‌ലോഡ് ചെയ്തിരുന്നത്. കർഷക നേതാക്കൾക്കെതിരെയും ഡൽഹി പോലീസിനെതിരേയും ദീപ് സിദ്ധു ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളിൽ കർഷക നേതാക്കൾക്ക് പങ്കുണ്ടെന്നാണ് ദീപ് സിദ്ധുവിന്റെ ആരോപണം. കർഷക നേതാക്കളുടെ രഹസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ദീപ് സിദ്ധു ഭീഷണിപ്പെടുത്തിയിരുന്നു. ദീപ് സിദ്ധു ബിജെപി-ആർഎസ്എസ് ഏജന്റ് ആണെന്നും സമരം പൊളിക്കാൻ ഇടപെടുന്നു എന്നുമാണ് കർഷക സംഘടനകളുടെ ആരോപണം.