NEWSWorld

കറാച്ചി വിമാനത്താവളത്തിന് പുറത്ത് വന്‍സ്‌ഫോടനം; 2 മരണം, ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് സംഘടന

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിന് പുറത്ത് വന്‍ സ്‌ഫോടനം. രണ്ട് ചൈനീസ് തൊഴിലാളികള്‍ കൊല്ലപ്പെടുകയും പാകിസ്താന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉടനെ പ്രദേശത്ത് സൈനികരെ വിന്യസിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രവിശ്യാ ആഭ്യന്തര മന്ത്രി സിയ ഉള്‍ ഹസ്സന്‍ പറഞ്ഞു.

Signature-ad

ഒരു ഓയില്‍ ടാങ്കറിന് തീപിടിക്കുകയും തുടര്‍ന്ന് മറ്റ് നിരവധി വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തീവ്രവാദ ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അസ്ഫര്‍ മഹേസര്‍ പറഞ്ഞു.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇമെയില്‍ അയച്ചു. എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും സ്ഫോടകവസ്തു വാഹനത്തില്‍ ഘടിപ്പിച്ചാണ് ആക്രമണം നടത്തിയതെന്നും ബിഎല്‍എ പ്രസ്താവനയില്‍ വ്യക്തമാക്കി.

വിമാനത്താവളത്തിന് സമീപം പോര്‍ട്ട് ഖാസിം ഇലക്ട്രിക് പവര്‍ കമ്പനിയുടെ ഒരു വാഹനവ്യൂഹം അക്രമണത്തിനിരയായതായും ഭീകരാക്രമണമാണുണ്ടായതെന്നും പാകിസ്താനിലെ ചൈനീസ് എംബസി പ്രതികരിച്ചു.

Back to top button
error: