Fiction

മറന്നു പോകരുത് ഈ സത്യം…! ജീവിതത്തില്‍ രണ്ടാമതൊരവസരം അപ്രതീക്ഷിതവും അപൂർവ്വവുമായിരിക്കും

വെളിച്ചം

  വിവാഹജീവിതത്തിന്റെ ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ അവര്‍ മാതൃകാദമ്പതികളായിരുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളും വഴക്കുകളുമായി.  കുറച്ചുനാള്‍ പിരിഞ്ഞു താമസിച്ചു അവര്‍. എങ്കിലും ആ വര്‍ഷത്തെ വിവാഹവാര്‍ഷികത്തിന് അയാള്‍ ഒരു കെട്ട് പൂക്കളുമായി തന്റെ ഭാര്യയുടെ അടുത്തെത്തി.

Signature-ad

അവള്‍ പിണക്കം മറന്ന് സന്തോഷത്തോടെ അത്  സ്വീകരിച്ചു.  തന്നെ ഉണ്ടാക്കിയ കേക്കെടുത്ത് അലങ്കരിക്കുന്ന സമയത്ത് അവള്‍ക്ക് ഒരു ഫോണ്‍വന്നു. ഫോണെടുത്തപ്പോള്‍ മറുവശത്ത് ഒരു പോലീസുകാരന്‍ ആയിരുന്നു. അയാള്‍ പറഞ്ഞു:

“നിങ്ങളുടെ ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിയിക്കാനാണ് ഞാന്‍ വിളിക്കുന്നത്…”

വാര്‍ത്ത അവര്‍ നിഷേധിച്ചു. ഭര്‍ത്താവ് തന്റെ കൂടെയുണ്ടെന്ന് അവള്‍ അറിയിച്ചു. പോലീസുകാരന്‍ പറഞ്ഞു:

“ഇന്ന് വൈകുന്നേരമുണ്ടായ ഒരു വാഹനാപകടത്തില്‍ നിങ്ങളുടെ ഭര്‍ത്താവ് മരിച്ചു. അയാളുടെ പേഴ്‌സില്‍ നിന്നും കിട്ടിയ നമ്പറില്‍ നിന്നാണ് ഞാന്‍ നിങ്ങളെ വിളിക്കുന്നത്…”

പൂക്കളുമായി വന്ന ഭര്‍ത്താവ് തന്റെ തോന്നലായിരുന്നോ എന്ന് ഒരു നിമിഷം അവള്‍ ശങ്കിച്ചു. സ്വീകരണമുറിയില്‍ വന്ന് നോക്കിയപ്പോള്‍ അവിടെ ഭര്‍ത്താവ് ഉണ്ടായിരുന്നില്ല. അവള്‍ നിലവിളിച്ചു. ഒരവസരം കൂടി കിട്ടിയിരുന്നെങ്കില്‍ എല്ലാ പിണക്കങ്ങളും പരിഹരിക്കാനാകുമായിരുന്നുവെന്ന് അവള്‍ ഓര്‍ത്തു. അപ്പോഴാണ് കുളിമുറയില്‍ നിന്ന് ഭര്‍ത്താവിന്റെ ശബ്ദം കേട്ടത്:

“നിന്നോട് ഒരു കാര്യം ഞാന്‍ പറയാന്‍ മറന്നു. എന്റെ പേഴ്‌സ് ഇന്ന് നഷ്ടപ്പെട്ടു…”

ജീവിതത്തില്‍ രണ്ടാം ജന്മം മാത്രമല്ല, രണ്ടാമതൊരു അവസരം പോലും അസാധ്യമോ അപൂര്‍വ്വമോ ആകും. ഒരിക്കല്‍ മാത്രമേ ലഭിക്കൂ എന്നറിയുന്ന എല്ലാ കാര്യങ്ങളേയും കരുതലോടെയും ജാഗ്രതയോടെയും സമീപിച്ചെങ്കില്‍ എല്ലാവസ്തുക്കള്‍ക്കും സംഭവങ്ങള്‍ക്കും അവയര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചേനെ.

കൂടെയുള്ളപ്പോള്‍ അവഗണിക്കുക,  നഷ്ടപ്പെടുമ്പോള്‍ വിലപിക്കുക  എന്ന മനോഭാവം കാപട്യമാണ്. അത് കുറ്റബോധം മാത്രമേ സൃഷ്ടിക്കൂ. എല്ലാം നൈമിഷികമാണെന്നും എന്തും എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാമെന്നുമുള്ള ബോധം എല്ലാവര്‍ക്കുമുണ്ടെങ്കിലും പലരും അത് മറന്നുപോകുന്നു… ജീവിതത്തില്‍ രണ്ടാമതൊരവസരം അപ്രതീക്ഷിതമായിരിക്കാം. അത് എല്ലാവര്‍ക്കും ലഭിക്കണമെന്നുമില്ല. ഓരോ നിമിഷവും അത് ഓർക്കുക.

ആനന്ദപൂര്‍ണ്ണമാകട്ടെ നമ്മുടെ ജീവിതം.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: