ഉത്തര്‍പ്രദേശിലെ ഹാത്രാസിലുള്ള ഡി.എല്‍ പബ്ലിക് സ്‌കൂളില്‍ ഞെട്ടിക്കുന്ന ഒരു സംഭവം അരങ്ങേറി. സ്‌കൂളിന്റെ അഭിവൃദ്ധിക്കു വേണ്ടി എന്ന പേരിൽ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ ബലിയര്‍പ്പിച്ചു. സെപ്റ്റംബര്‍ 22 ന് നടന്ന സംഭവത്തിൽ സ്കൂൾ ഡയറക്ടർ ദിനേശ് ഭാഗേൽ, അയാളുടെ അച്ഛൻ ജശോധരൻ സിങ്, അധ്യാപകരായ ലക്ഷ്മൺ സിങ്, വേർപാൽ സിങ്, രാംപ്രകാശ് സോളങ്കി എന്നിവരുൾപ്പെടെ 5പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നതനുസരിച്ച്, സ്‌കൂള്‍ ഡയറക്ടറുടെ പിതാവായ ദിനേശ് ബാഘേല്‍ എന്നയാളാണ് ഈ ക്രൂര കൃത്യത്തിന് പിന്നിലെ പ്രേരക ശക്തി. ദിനേശ് ബാഘേല്‍ ദുര്‍മന്ത്രവാദത്തില്‍ ദൃഢമായി വിശ്വസിക്കുന്ന വ്യക്തിയാണ്. സ്‌കൂളിന്റെ അഭിവൃദ്ധിക്കായി ഒരു കുട്ടിയെ ബലിയര്‍പ്പിക്കണമെന്ന് അദ്ദേഹം മകനോടും സ്‌കൂളിലെ അധ്യാപകരോടും ശഠിച്ചു.
കുട്ടിയെ സ്കൂളിന് പുറത്തുള്ള കുഴൽക്കിണറിനു സമീപത്തുവച്ച് കൊല്ലാനാണ് പ്രതികൾ പ്ലാൻ ചെയ്തത്. എന്നാൽ ഹോസ്റ്റൽ മുറിയിൽനിന്നു കുട്ടിയെ പുറത്തേക്കു പിടിച്ചു കൊണ്ടുവരുന്നതിനിടയിൽ കുട്ടി നിലവിളിക്കാൻ തുടങ്ങിയതോടെ പ്രതികൾ കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് പോലീസ് വിശദീകരിക്കുന്നത്.
സമാനമായരീതിയിൽ 9 വയസുള്ള മറ്റൊരു കുട്ടിയെ ബലികൊടുക്കാനുള്ള ശ്രമം സെപ്റ്റംബർ 6ന് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായി. അത് പരാജയപ്പെട്ടതിനെത്തുടർന്നാണ് രണ്ടാം ക്ലാസുകാരനെ ബലികൊടുക്കാൻ തീരുമാനിച്ചത്.
തിങ്കളാഴ്ച രാവിലെ വിദ്യാർത്ഥികളും അധ്യാപകരും അനക്കമില്ലാത്ത കുട്ടിയുടെ ശരീരം ഹോസ്റ്റൽ മുറിയിൽ കണ്ടു. പോലീസിൽ വിവരം അറിയിക്കുന്നതിനു പകരം സ്കൂൾ ഡയറക്ടർ ദിനേശ് ഭാഗേൽ കുട്ടിയുടെ മൃതദേഹം കാറിൽ കയറ്റി ആഗ്ര അലിഗഡ് മേഖലയിലേക്കു മണിക്കൂറുകളോളം സഞ്ചരിച്ചു. ഈ സമയത്താണ് കുട്ടിയുടെ അച്ഛൻ കൃഷൻ കുശ്വാഹ സ്കൂളിൽ എത്തുന്നത്.
മകൻ തളർന്നുവീണുവെന്ന് അറിയിച്ചു ഫോൺകോൾ ലഭിച്ചതിനെ തുടർന്നാണ് താൻ സ്കൂളിലെത്തിയതെന്നു കൃഷൻ കുശ്വാഹ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്കൂളിലെത്തിയ കൃഷനോട്, അവശനായ കുട്ടിയെ സ്കൂൾ ഡയറക്ടർ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി മറ്റുള്ളവർ അറിയിച്ചു.
സംഭവത്തിൽ സംശയം തോന്നിയ കൃഷൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പരുക്കേറ്റ നിലയിൽ ദിനേശ് ഭാഗേലിന്റെ കാറിൽ പിന്നീട് കണ്ടെത്തി.
സംഭവസ്ഥലത്ത് നിന്ന് ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട ചില വസ്തുക്കള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഈ സംഭവം സമൂഹത്തെ ഞെട്ടിച്ചിരിക്കുന്നു. ഒരു കുഞ്ഞിനെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയത് സമൂഹത്തിന്റെ നൈതികതയെ തന്നെ ചോദ്യം ചെയ്യുന്നു.