കണ്ണാടിക്കലെ അർജുൻ്റെ വീട് കദനംകൊണ്ടും കണ്ണീരുകൊണ്ടും വിറുങ്ങലിച്ചു നിൽക്കുകയാണ്. രണ്ടര മാസത്തിനു ശേഷം അർജുൻ ചേതനയറ്റ നിലയിൽ അല്പം മുമ്പ് സ്വന്തം വീട്ടിൽ മടങ്ങിയെത്തി. കാത്തുകാത്തിരുന്ന് കണ്ണീർ വറ്റിയ കുടുംബാംഗങ്ങൾക്ക് അരികിലേക്ക്. അന്ത്യാഞ്ജലിയർപ്പിക്കാൻ ജനസാഗരമാണ് ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്നത്. പൊതുദർശനത്തിനു ശേഷം അർജുന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.
ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത അർജുന്റെ മൃതദേഹം ഡി.എൻ.എ പരിശോധനാ നടപടികൾക്ക് ശേഷം ഇന്നലെ തന്നെ ബന്ധുക്കൾക്ക് കൈമാറി. സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിളുമായി പ്രാഥമിക പരിശോധനയിൽത്തന്നെ സാമ്യം കണ്ടെത്തി. സന്ധ്യയ്ക്ക് 6.30ന് അഭിജിത്തും അർജുന്റെ സഹോദരീ ഭർത്താവ് ജിതിനും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹവും വഹിച്ചുള്ള ആംബുലൻസിനെ കർണാടക പൊലീസ് അനുഗമിച്ചിരുന്നു. മരത്തടികൾ കയറ്റിയ ലോറിയുമായി അർജുൻ പോയ അതേവഴിയിലൂടെ തന്നെയാണ് അന്ത്യയാത്രയും. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലെത്തിയിട്ടുണ്ട്.
അർജുന്റെ 2 ഫോണുകൾ, മകന്റെ കുഞ്ഞുകളിപ്പാട്ടം, ബാഗ്, വാച്ച്, ചെരിപ്പുകൾ, വസ്ത്രങ്ങൾ പാചകത്തിനുപയോഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ തുടങ്ങിയവ ആംബുലൻസിനു പിന്നാലെയുള്ള കാറിലാണ് കൊണ്ടുവന്നത്. ഒന്നും വിടാതെ വീട്ടിലേക്ക് തിരികെ കൊണ്ടു വരണമെന്നാണ് അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞിരുന്നുവത്രേ. നീന്തൽ വിദഗ്ധൻ ഈശ്വർ മാൽപെ ഉഡുപ്പിയിൽ നിന്നു വിലാപയാത്രയ്‌ക്കൊപ്പം ചേർന്നു.
ജില്ലാ അതിർത്തിയായ അഴിയൂരിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ.ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി. വീട്ടിലെ സംസ്കാര ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
അർജുനെ കണ്ടെത്താനും തിരച്ചിൽ ഊർജിതമാക്കാനുമായി രൂപീകരിച്ച ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിലാപയാത്രയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പൊതുജനങ്ങളും മോട്ടർ വാഹന തൊഴിലാളികളും ഉടമകളും വിലാപയാത്രയിൽ പങ്കെടുത്തു.
അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ സഹായധനമായി 5 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഈ തുക കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ അർജുന്റെ അമ്മയ്ക്ക് കൈമാറും.