KeralaNEWS

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: സിപിഐ നേതാവിന്റെയും മകന്റെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഭാസുരാംഗനും കുടുംബവും ചേര്‍ന്ന് 3.22 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് കോടതി നടപടി. കുടുംബാംഗങ്ങളുടെ പേരില്‍ വ്യാജ വായ്പകള്‍ തരപ്പെടുത്തി തട്ടിയെടുത്ത പണം പ്രതികള്‍ പല ബിസിനസ് സംരംഭങ്ങളിലും നിക്ഷേപിച്ചെന്നും ഇവര്‍ക്കെതിരെയുള്ള കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

കേസില്‍ ഭാസുരാംഗന്റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും മരുമകനെയും ഇ.ഡി ചോദ്യം ചെയ്യ്തിരുന്നു. ഭാസുരാംഗന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഭാസുരാംഗന്റെയും കുടുംബത്തിന്റെയും 1.02 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. സി.പി.ഐ നേതാവുകൂടിയായ ഭാസുരാംഗന്‍ കേസിലെ ഒന്നാം പ്രതിയാണ്.

Signature-ad

കണ്ടല ബാങ്കിലേക്കു നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാനം ചെയ്ത പലിശ നല്‍കാതെ വിശ്വാസവഞ്ചന നടത്തിയതായി തിരുവനന്തപുരം മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ തുടര്‍ച്ചയായി ലഭിച്ച പരാതികളാണു ഭാസുരാംഗനെതിരായ അന്വേഷണത്തിന്റെ തുടക്കം. പൊലീസ് എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തതോടെ സഹകരണ ജോയിന്റ് രജിസ്ട്രാറും അന്വേഷണം നടത്തി ഭാസുരാംഗനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വലിയ തോതിലുള്ള ക്രമക്കേട് നടത്തി ഭാസുരാംഗന്‍ പണം തട്ടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്തു ഭാസുരാംഗനെയും മകന്‍ ജെ.ബി.അഖില്‍ജിത്തിനെയും അറസ്റ്റ് ചെയ്തത്.

8 വര്‍ഷത്തിനിടയില്‍ ഭാസുരാംഗന്റെ കുടുംബാംഗങ്ങള്‍ ബാങ്കില്‍ നിന്നു വായ്പ, ചിട്ടി എന്നിങ്ങനെ അനധികൃതമായി 3.20 കോടി രൂപ നേടിയെടുത്തുവെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈടായി നല്‍കിയത് 11 സെന്റ് ഭൂമിയാണ്. ഇതില്‍ പലിശ ഉള്‍പ്പെടെ തിരിച്ചടച്ചത് ഒരു കോടിയോളം മാത്രം.

അനധികൃതമായി നേടിയ വായ്പത്തുക ഉപയോഗിച്ചാണ് മകന്റെ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മാറനല്ലൂരില്‍ ‘എന്റെ കട’ ആണ് ഭാസുരാംഗന്റെ മകന്‍ അഖില്‍ജിത്ത് ആദ്യം ആരംഭിച്ചത്. ഇതു തകര്‍ന്നതോടെ അവിടെ ബിആര്‍എം എന്ന പേരില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചു. കോവിഡിന്റെ തുടക്കത്തില്‍ ഈ സംരംഭവും നഷ്ടത്തിലായി. തുടര്‍ന്ന് പൂജപ്പുരയില്‍ ഒരു ഹോട്ടല്‍ ആരംഭിച്ചു. സംരംഭങ്ങള്‍ നഷ്ടത്തിലായെങ്കിലും അഖില്‍ജിത്ത് ആഡംബര ജീവിതത്തിനു കുറവു വരുത്തിയില്ല. കോടികള്‍ വിലയുള്ള ആഡംബര കാറുകള്‍, സ്‌പോര്‍ട്‌സ് ബൈക്കുകള്‍ തുടങ്ങിയവയെല്ലാം സ്വന്തമാക്കി.

 

Back to top button
error: